തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിൽ താനാണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ വിവിധ തലങ്ങളിൽ ദീർഘകാല പ്രവർത്തനപരിചയവും സംഘടനാ രംഗത്തെ അനുഭവസമ്പത്തും പരിഗണിക്കുമ്പോൾ അധ്യക്ഷസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. പാർട്ടിയെ ശക്തിപ്പെടുത്താനും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ തുടരുകയാണ്. പുതിയ നേതൃത്വത്തെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.



