Wednesday, September 2, 2026
HomeQatarഖത്തറിൽ നിറഞ്ഞ ആവേശത്തോടെ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം

ഖത്തറിൽ നിറഞ്ഞ ആവേശത്തോടെ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം


ചാർജ് ഡി അഫയേഴ്സ് സൻദീപ് കുമാർ ദേശീയപതാക ഉയർത്തി

ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം ആവേശത്തോടെയും ദേശാഭിമാനത്തോടെയും ആഘോഷിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് സൻദീപ് കുമാർ ദേശീയപതാക ഉയർത്തി. 500-ലധികം ഇന്ത്യൻ പ്രവാസികളും ഇന്ത്യയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ദേശീയഗാനം ആലപിക്കുകയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളും സൻദീപ് കുമാർ ചടങ്ങിൽ വായിച്ചു.

ഭരണഘടനയുടെ മൂല്യങ്ങളിലും ജനപങ്കാളിത്തത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, യുവജനങ്ങളുടെ ഊർജം, അടിസ്ഥാനസൗകര്യ വികസനം, കണക്ടിവിറ്റി, സ്ത്രീകളുടെയും സംരംഭകരുടെയും ശാക്തീകരണം തുടങ്ങിയ നേട്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റവും പ്രസംഗത്തിൽ പരാമർശിച്ചു.

ഇന്ത്യ-ഖത്തർ ബന്ധവും ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങളും ആശയവിനിമയങ്ങളും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായി സൻദീപ് കുമാർ പറഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി എംബസി നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. പുതിയ പാസ്‌പോർട്ടുകൾക്കായുള്ള അപേക്ഷകൾ വർധിച്ചിട്ടും അഞ്ച് ദിവസത്തിനകം പുതിയ പാസ്‌പോർട്ട് നൽകാൻ കഴിയുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നിരവധി പേർക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സമൂഹ ക്ഷേമത്തിനും പുരോഗതിക്കും സംഘടനകൾ നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് പിന്നാലെ ഇന്ത്യയുടെ വൈവിധ്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന സംഗീത-നൃത്ത പരിപാടികളും അരങ്ങേറി. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളും സ്കൂൾ വിദ്യാർഥികളും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് രാജ്യത്തോടുള്ള ബന്ധവും ദേശാഭിമാനവും ഒരിക്കൽക്കൂടി പ്രകടിപ്പിക്കാനുള്ള വേദിയായി മാറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments