അച്ഛനും മകളും ഒരേ ഫ്രെയിമിൽ എത്തുന്ന നിമിഷങ്ങൾക്കായി ആരാധകർ

മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലെത്താൻ ഇനി രണ്ട് നാൾ മാത്രം. സംവിധായകൻ ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി വെള്ളിത്തിരയിൽ എത്തുന്നത്. ഓഗസ്റ്റ് 7-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 5 രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ട്രെയിലറിനും പ്രചാരണ സാമഗ്രികൾക്കും ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് റിലീസിന് മുൻപേ തന്നെ ചിത്രത്തിന് വലിയ പ്രീ-റിലീസ് ഹൈപ്പ് രൂപപ്പെട്ടിരിക്കുകയാണ്.
‘തുടക്കം’ എന്ന പേരിനോട് പൂർണമായും യോജിക്കുന്ന തരത്തിലാണ് വിസ്മയയുടെ സിനിമാജീവിതവും ആരംഭിക്കുന്നത്. കവയിത്രി, ചിത്രകാരി, മാർഷൽ ആർട്സ് അഭ്യാസക എന്നീ നിലകളിൽ ശ്രദ്ധ നേടിയ വിസ്മയ ഇപ്പോൾ അഭിനയരംഗത്തേക്കും ചുവടുവെക്കുകയാണ്. ഈ അരങ്ങേറ്റം കാണാൻ ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയിലാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മോഹൻലാലും വിസ്മയയും ആദ്യമായി ഒരേ സിനിമയിൽ ഒന്നിക്കുന്നതാണ്. ചിത്രത്തിൽ മോഹൻലാൽ നിർണായകമായ ഒരു വിപുലമായ അതിഥിവേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അച്ഛനും മകളും ഒരേ ഫ്രെയിമിൽ എത്തുന്ന നിമിഷങ്ങൾക്കായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആക്ഷൻ ത്രില്ലറിനൊപ്പം കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായാണ് ജൂഡ് ആന്തണി ജോസഫ് ‘തുടക്കം’ അവതരിപ്പിക്കുന്നത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻറണി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.
മോഹൻലാലിന്റെ മകൾ എന്ന വിശേഷണത്തിനപ്പുറം സ്വന്തം അഭിനയമികവ് തെളിയിക്കാനുള്ള വിസ്മയയുടെ ആദ്യ പരീക്ഷണമായ ‘തുടക്കം’ ബോക്സ് ഓഫീസിലും പ്രേക്ഷകഹൃദയങ്ങളിലും എത്രത്തോളം വിജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം.



