Wednesday, October 7, 2026
HomeKERALA“പഴയ ആരോപണങ്ങൾക്ക് പുതിയ തിരക്കഥ: സിഎംആർഎൽ കേസിൽ ഇ.ഡിയെ തള്ളി പിണറായി

“പഴയ ആരോപണങ്ങൾക്ക് പുതിയ തിരക്കഥ: സിഎംആർഎൽ കേസിൽ ഇ.ഡിയെ തള്ളി പിണറായി

കോഴിക്കോട്: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച പുതിയ ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടക്കുന്നതെന്നും, മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് വഴിവിട്ട ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് 25 പേജുള്ള റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇ.ഡിയുടെ കത്തോ അറിയിപ്പോ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎല്ലിന് സർക്കാർ വഴിവിട്ട ആനുകൂല്യം നൽകിയെന്ന ആരോപണവും പിണറായി ചോദ്യം ചെയ്തു. ഒരു വശത്ത് സിഎംആർഎല്ലിന് നഷ്ടമുണ്ടായെന്നാണ് ഇ.ഡി പറയുന്നതെങ്കിൽ, മറുവശത്ത് കമ്പനിക്ക് അനർഹമായ ആനുകൂല്യം ലഭിച്ചെന്നും പറയുന്നത് എങ്ങനെ ഒരേസമയം ശരിയാകുമെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഭാഗത്ത് നിന്ന് കമ്പനിക്ക് എന്തെങ്കിലും അനുകൂല നടപടി ഉണ്ടായതായി തെളിയിക്കാൻ അന്വേഷണ ഏജൻസികളെ അദ്ദേഹം വെല്ലുവിളിച്ചു.

മകൾ ടി.വീണയ്ക്കെതിരായ ആരോപണങ്ങളും പിണറായി നിഷേധിച്ചു. വീണ ഇ.ഡിക്ക് മുന്നിൽ തെറ്റുകൾ സമ്മതിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അന്വേഷണവുമായി അവർ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് എനിക്കെതിരായ വ്യക്തിപരമായ ആക്രമണമല്ല, സി.പി.എമ്മിനെതിരായ ആക്രമണമാണ്’ എന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയെ പോലുള്ള അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഉപകരണമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇ.ഡി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിന് മുമ്പ് നിയമപരമായ പരിശോധന നടത്തുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഇ.ഡി നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments