10 കോടിയിലേറെ വിലയുള്ള 12.8 കിലോ ലഹരിമരുന്ന് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വൻ ലഹരിക്കടത്ത് ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നുമായി മലപ്പുറം പൊലീസ്. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.8 കിലോഗ്രാം എംഡിഎംഎയാണ് കോയമ്പത്തൂരിൽനിന്ന് മലപ്പുറം ജില്ലാ പൊലീസ് പിടികൂടിയത്. വിപണിയിൽ 10 കോടിയിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്ര വളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മഞ്ചേരി പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ കോയമ്പത്തൂരിൽനിന്ന് പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വൻ ലഹരിക്കടത്ത് ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. ആഗസ്റ്റ് ആറിന് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽനിന്ന് ഏകദേശം 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു.
തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് അന്വേഷണം എത്തിയത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽനിന്ന് വലിയ തോതിൽ എംഡിഎംഎ ശേഖരിച്ച് കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ ലഹരിക്കടത്തിന്റെ ഇടത്താവളങ്ങളായി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ ഒരുക്കിയായിരുന്നു ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. പിടിയിലായ സംഘത്തിന്റെ ഇന്നോവ കാറിന്റെ ഡോർ പാനലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. 100 ഗ്രാം മുതൽ 500 ഗ്രാം വരെ തൂക്കമുള്ള നിരവധി പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എംഡിഎംഎയുടെ ഉറവിടം, സംഘത്തിന് പിന്നിലുള്ളവർ, കേരളത്തിലെ വിതരണ ശൃംഖലയിലെ മറ്റ് കണ്ണികൾ എന്നിവ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിക്കെതിരായ പരിശോധനകൾ ശക്തമാക്കിയിരിക്കെയാണ് മലപ്പുറത്ത് ഇത്രയും വലിയ അളവിൽ എംഡിഎംഎ പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ എംഡിഎംഎ ശേഖരമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



