Wednesday, September 2, 2026
HomeGulfമിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മലയാളിക്ക്:19-ാം വയസിൽ ചരിത്രനേട്ടവുമായി മാവേലിക്കരക്കാരി കെസിയ ലിസ് മെജോ

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മലയാളിക്ക്:19-ാം വയസിൽ ചരിത്രനേട്ടവുമായി മാവേലിക്കരക്കാരി കെസിയ ലിസ് മെജോ

പ്രവാസി മലയാളികൾക്കും അഭിമാന നിമിഷം
കെസിയ ലിസ് മെജൊ ജനിച്ച് വളർന്നത് അബുദാബിയിൽ

ജയ്പൂർ: രാജ്യത്തിന്റെ സൗന്ദര്യറാണി പട്ടം കേരളത്തിലേക്ക്. മാവേലിക്കര സ്വദേശിനിയായ 19കാരി കെസിയ ലിസ് മെജോ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി. ഓഗസ്റ്റ് 23ന് ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 52 ഫൈനലിസ്റ്റുകളെ പിന്നിലാക്കിയാണ് കെസിയ ദേശീയ കിരീടം സ്വന്തമാക്കിയത്.

നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമയാണ് കെസിയയെ കിരീടമണിയിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായപ്പോൾ ഗുജറാത്തിന്റെ അനുശ്രീ സതവ്‌ലേക്കർ സെക്കൻഡ് റണ്ണറപ്പായി.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ് കെസിയ. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുകയാണ്. പഠനത്തോടൊപ്പം മോഡലിങ്, അഭിനയം, ശാസ്ത്രീയ നൃത്തം തുടങ്ങിയ മേഖലകളിലും കെസിയ സജീവമാണ്. 12 വർഷത്തോളം ശാസ്ത്രീയ നൃത്തത്തിൽ പരിശീലനം നേടിയിട്ടുള്ള കെസിയയ്ക്ക് സംഗീതത്തിലും താൽപര്യമുണ്ട്.

2026ൽ മിസ് യൂണിവേഴ്‌സ് കേരള കിരീടം നേടിയ ശേഷമാണ് കെസിയ ദേശീയ വേദിയിലെത്തിയത്. കൊച്ചിയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ വിജയിച്ച കെസിയ, കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. 2024ൽ മിസ് ടീൻ ഇന്ത്യ കിരീടവും കെസിയ സ്വന്തമാക്കിയിരുന്നു.

ദേശീയ ഫൈനലിൽ ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്‌സ് സുസ്മിത സെൻ, മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ ഉർവശി റൗട്ടേല, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 റിയ സിംഗ, നടിയും മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സ് റണ്ണറപ്പുമായ സെലീന ജെയ്റ്റ്ലി, പരിസ്ഥിതി പ്രവർത്തകയും സിനിമാ നിർമാതാവുമായ പ്രജ്ഞ കപൂർ എന്നിവർ ഉൾപ്പെട്ട പ്രമുഖ പാനലാണ് വിധികർത്താക്കളായിരുന്നത്.

കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യയെ അന്താരാഷ്ട്ര വേദിയിൽ പ്രതിനിധീകരിക്കാൻ കഴിയുന്നത് വലിയ അഭിമാനവും ഉത്തരവാദിത്തവുമാണെന്ന് കെസിയ പ്രതികരിച്ചു. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും പ്രതിഭയും പുതുതലമുറയുടെ കരുത്തും ലോകത്തിന് മുന്നിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

മൂന്നുവർഷത്തിലേറെയായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും കേരളത്തിലേക്ക് കിരീടം കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കെസിയ പറഞ്ഞു. ഇനി രാജ്യത്തിന്റെ പ്രതീക്ഷകളുമായി ലോകസുന്ദരി പട്ടത്തിനായുള്ള പോരാട്ടത്തിനാണ് ഈ മലയാളി താരത്തിന്റെ യാത്ര.

കേരളത്തിൽ നിന്ന് ദേശീയ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടത്തിലേക്കുള്ള കെസിയയുടെ മുന്നേറ്റം സംസ്ഥാനത്തെ സൗന്ദര്യമത്സര രംഗത്തും ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മാവേലിക്കരയിൽ നിന്നാരംഭിച്ച യാത്ര ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകവേദിയിലേക്ക് എത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments