Wednesday, September 2, 2026
HomeINDIAമോദിയെ കണ്ട് സുപ്രിയ സുളെയും എൻസിപി-എസ്.പി എംപിമാരും: ‘രാഷ്ട്രീയ ചർച്ച നടന്നില്ല

മോദിയെ കണ്ട് സുപ്രിയ സുളെയും എൻസിപി-എസ്.പി എംപിമാരും: ‘രാഷ്ട്രീയ ചർച്ച നടന്നില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി–എസ്.പി എംപിമാർ. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെയുടെ നേതൃത്വത്തിലുള്ള എംപിമാരാണ് പ്രധാനമന്ത്രിയെ കണ്ടത്. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാൽ എൻസിപി–എസ്.പി എൻഡിഎയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയുണ്ടായ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടി.

ഏകദേശം 25 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിലെ ജലക്ഷാമം, കർഷകരുടെ പ്രശ്നങ്ങൾ, വിള ഇൻഷുറൻസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സുപ്രിയ സുളെ പറഞ്ഞു. നവി മുംബൈ വിമാനത്താവളത്തിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട ആവശ്യവും ഉന്നയിച്ചു.

ജ്യോതിരാവു ഫുലെ, സാവിത്രിബായ് ഫുലെ, അണ്ണാഭാവു സാത്തെ, തുകഡോജി മഹാരാജ് എന്നിവർക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവും എംപിമാർ പ്രധാനമന്ത്രിക്ക് മുന്നിൽ വച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് സുപ്രിയ സുളെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

എൻസിപി–എസ്.പി എൻഡിഎയുമായി സഹകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ശക്തമായ സാഹചര്യത്തിലാണ് എംപിമാർ പ്രധാനമന്ത്രിയെ കണ്ടത്. ഇതോടെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ വ്യാഖ്യാനങ്ങളും ഉയർന്നിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ദേശീയതലത്തിൽ സജീവമായിരിക്കെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

എന്നാൽ നിലവിൽ എൻഡിഎയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും എൻസിപി–എസ്.പി നടത്തിയിട്ടില്ല. രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ വിശദീകരണത്തോടെ അഭ്യൂഹങ്ങൾക്ക് വിരാമമിടാനാണ് ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments