മരണസംഖ്യ ഗണ്യമായി ഉയരാൻസാദ്ധ്യതയെന്ന്
അമേരിക്കൻ ഭൂവിജ്ഞാന സർവ്വെ
കാരക്കാസ്: ദക്ഷിണ അമേരിക്കൻ രാജ്യമായ Venezuelaയെ തകർത്തുകൊണ്ട് മണിക്കൂറുകൾക്കിടെ ഉണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളിൽ കുറഞ്ഞത് 32 പേർ മരിച്ചു. 700-ലേറെ പേർക്ക് പരിക്കേറ്റതായി വെനസ്വേലൻ അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
റിക്ടർ സ്‌കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് രാജ്യത്തെ നടുക്കിയത്. തലസ്ഥാനമായ Caracas ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.ഭൂകമ്പത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും നിരവധി പ്രദേശങ്ങളിൽ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഒന്നായ ലാ ഗ്വൈറയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഭൂകമ്പത്തിന്റെ ആഘാതം അതീവ ഗുരുതരമാണെന്നും മരണസംഖ്യ ആയിരങ്ങളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അമേരിക്കൻ ഭൂവിജ്ഞാന സർവേ (USGS) പ്രാഥമിക വിലയിരുത്തലിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ആയിരത്തിലേറെ മരണങ്ങൾ സംഭവിച്ചതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.



