തിരുവനന്തപുരം: ശബരിമല തീർഥാടനം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ ഇക്കുറി നിർമിത ബുദ്ധിയുടെ (എ.ഐ.) സഹായം പ്രയോജനപ്പെടുത്തുമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കൽ, തീർഥാടകരുടെ ഒഴുക്ക് വിലയിരുത്തൽ, സേവനങ്ങളുടെ ഏകോപനം, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ എ.ഐ. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസവും സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ മാതൃകയിലേക്കാണ് ശബരിമല തീർഥാടനം കടക്കുന്നതെന്നും കെ. ജയകുമാർ പറഞ്ഞു.



