തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് സൗജന്യ ബസ് യാത്രയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം സമ്പാദ്യമായി മാറ്റാൻ ലക്ഷ്യമിട്ട് കെഎസ്എഫ്ഇയുടെ ‘പിങ്ക് ചിട്ടി’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തുകയും സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
സൗജന്യ യാത്രയിലൂടെ ദിവസേന ചെലവാകാതെ ശേഷിക്കുന്ന തുക ചെറുസമ്പാദ്യമായി മാറ്റാൻ കഴിയുന്ന രീതിയിലാണ് ‘പിങ്ക് ചിട്ടി’ വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്കും തൊഴിലാളികൾക്കും സ്വയംസഹായ സംഘാംഗങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി ചിട്ടിയുടെ വിവിധ സ്ലാബുകൾ, അംഗത്വ നടപടിക്രമങ്ങൾ, നിക്ഷേപ വ്യവസ്ഥകൾ എന്നിവ കെഎസ്എഫ്ഇ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ഭാവി സമ്പാദ്യവും ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മറ്റൊരു സുപ്രധാന ഇടപെടലായാണ് ‘പിങ്ക് ചിട്ടി’യെ വിലയിരുത്തുന്നത്.




