കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കടവന്ത്രയിൽ നടത്തിയ പരിശോധനയിലാണ് തഹസിൽദാർ പിടിയിലായത്. കേസിൽ അദ്ദേഹത്തിന്റെ രണ്ട് ഏജന്റുമാരെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഷിബിൻ, രാജേഷ് കണ്ണൻ എന്നറിയപ്പെടുന്ന രാജേഷ് എന്നിവരാണ് പിടിയിലായ ഏജന്റുമാർ.
എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കൃഷിഭൂമി പുരയിടമാക്കി രേഖകൾ നൽകുന്നതിനും ഭൂമിയുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കുന്നതിനുമായി പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സ്ഥലമുടമ നേരത്തെ പുരയിടം എന്ന നിലയിൽ കരം അടച്ചുവന്നിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് രേഖകളിൽ അത് കൃഷിഭൂമിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്.
ഭൂമി കൃഷിഭൂമിയായി നിലനിർത്തണമെന്നും മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ടും ചൂണ്ടിക്കാട്ടി തഹസിൽദാറിന്റെ സഹായിയാണ് പരാതിക്കാരനെതിരെ പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രശ്നപരിഹാരത്തിനായി സ്ഥലമുടമ തഹസിൽദാറിനെ സമീപിച്ചപ്പോൾ പരാതി ഒത്തുതീർപ്പാക്കാനും ഭൂമി പുരയിടമായി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്കുമായി പണം ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് പറയുന്നത്.
ആവശ്യപ്പെട്ട 10 ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപ പണമായും ബാക്കി എട്ട് ലക്ഷം രൂപ ചെക്കായുമാണ് നൽകിയത്. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം ഇടപെട്ട് തഹസിൽദാറിനെ പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് ഏജന്റുമാർ വഴിയാണ് പണം ആവശ്യപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇടപാടിന്റെ ഭാഗമായിരുന്ന മറ്റുള്ളവരുടെ പങ്കും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
സംഭവം റവന്യൂ വകുപ്പിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള നിർണായക റവന്യൂ നടപടികളിൽ ഇടനിലക്കാരുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലൻസ് നീക്കം.



