Thursday, September 3, 2026
HomeINDIA1,200 കോടി രൂപയുടെ പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം: ഫോർട്ട് സെന്റ് ജോർജിൽ നിന്ന് ഭരണസിരാകേന്ദ്രം മാറ്റാൻ...

1,200 കോടി രൂപയുടെ പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം: ഫോർട്ട് സെന്റ് ജോർജിൽ നിന്ന് ഭരണസിരാകേന്ദ്രം മാറ്റാൻ വിജയ് സർക്കാർ

20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സമുച്ചയം; എല്ലാ സർക്കാർ വകുപ്പുകളെയും ഒരൊറ്റ ഭരണകേന്ദ്രത്തിന് കീഴിൽ കൊണ്ടുവരും

ചെന്നൈ: തമിഴ്‌നാടിന്റെ ഭരണസംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിലവിലെ ഫോർട്ട് സെന്റ് ജോർജ് കേന്ദ്രീകരിച്ചുള്ള ഭരണസംവിധാനത്തിന് പകരമായി 1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സംയോജിത സമുച്ചയം ചെന്നൈയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ മൂന്നിന് നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് പ്രഖ്യാപനം.

20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ സമുച്ചയത്തിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളെല്ലാം ഒരൊറ്റ ഭരണകേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാനാണ് പദ്ധതി. അടുത്ത നൂറുവർഷത്തെ ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്തായിരിക്കും പുതിയ സമുച്ചയം രൂപകൽപ്പന ചെയ്യുകയെന്ന് വിജയ് വ്യക്തമാക്കി.

ഫോർട്ട് സെന്റ് ജോർജിൽ സ്ഥലപരിമിതി

നിലവിൽ തമിഴ്‌നാട് നിയമസഭയും സെക്രട്ടേറിയറ്റും പ്രവർത്തിക്കുന്നത് ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജ് സമുച്ചയത്തിലാണ്. ഏകദേശം 107 ഏക്കർ വിസ്തീർണമുള്ള ഫോർട്ട് സെന്റ് ജോർജ് ക്യാമ്പസിൽ നാല് ഏക്കറോളം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കിയുള്ള ഭൂമി പ്രതിരോധ മന്ത്രാലയത്തിന്റെയും പുരാവസ്തു സർവേ ഓഫ് ഇന്ത്യയുടെയും നിയന്ത്രണത്തിലാണ്. ഇതുമൂലം സെക്രട്ടേറിയറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടെന്നാണ് സർക്കാർ പറയുന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ സർക്കാർ വകുപ്പുകളുടെയും ജീവനക്കാരുടെയും ഭരണപരമായ ചുമതലകളുടെയും എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും നിലവിലെ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇതോടെ ഫോർട്ട് സെന്റ് ജോർജിലെ കെട്ടിടങ്ങളിൽ സ്ഥലപരിമിതി രൂക്ഷമായതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ആധുനിക സൗകര്യങ്ങളോടെ പുതിയ ഭരണകേന്ദ്രം

പുതിയ സമുച്ചയത്തിൽ നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഒരുക്കും. അഗ്നിസുരക്ഷാ സംവിധാനങ്ങൾ, ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും സഞ്ചരിക്കാനുമുള്ള സൗകര്യങ്ങൾ, ഹരിത കെട്ടിട മാനദണ്ഡങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും.

ഇതിന് പുറമെ മതിയായ പാർക്കിങ് സൗകര്യം, കോൺഫറൻസ് ഹാളുകൾ, പൊതുജന സേവന കേന്ദ്രങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയും സമുച്ചയത്തിൽ ഒരുക്കാനാണ് തീരുമാനം. വിവിധ സർക്കാർ വകുപ്പുകൾ ഒരേ ക്യാമ്പസിൽ പ്രവർത്തിക്കുന്നതിലൂടെ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഭരണനിർവഹണത്തിലെ കാര്യക്ഷമതയും മെച്ചപ്പെടുത്താനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഫോർട്ട് സെന്റ് ജോർജ് ഉപേക്ഷിക്കില്ല

ഭരണസിരാകേന്ദ്രം മാറ്റാനുള്ള തീരുമാനമെടുത്തെങ്കിലും ചരിത്രപ്രാധാന്യമുള്ള ഫോർട്ട് സെന്റ് ജോർജിനെ പൂർണമായി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ ചരിത്ര കെട്ടിടങ്ങളുടെ പൈതൃകമൂല്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെട്ടിടങ്ങളുടെ ചരിത്രപരമായ സ്വഭാവത്തിന് മാറ്റം വരുത്താതെയാണ് സംരക്ഷണം ഉറപ്പാക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം 400 വർഷത്തോളമായി തമിഴ്‌നാടിന്റെ ഭരണചരിത്രവുമായി ബന്ധപ്പെട്ടുനിൽക്കുന്ന കേന്ദ്രമാണ് ഫോർട്ട് സെന്റ് ജോർജ്. 1640ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ചെന്നൈയിൽ ഭൂമി വാങ്ങി കോട്ടയുടെ നിർമാണം ആരംഭിക്കുകയും 1644ൽ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ പ്രധാന ഭരണകേന്ദ്രമായി മാറിയ കോട്ട, സ്വാതന്ത്ര്യാനന്തരം തമിഴ്‌നാട് സർക്കാരിന്റെ സെക്രട്ടേറിയറ്റായും നിയമസഭാ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായും തുടരുകയായിരുന്നു.

മുമ്പും സെക്രട്ടേറിയറ്റ് മാറ്റാൻ ശ്രമം

ഫോർട്ട് സെന്റ് ജോർജിൽ നിന്ന് സെക്രട്ടേറിയറ്റും നിയമസഭയും മാറ്റാനുള്ള ശ്രമം തമിഴ്‌നാട്ടിൽ ആദ്യത്തേതല്ല. മുൻ മുഖ്യമന്ത്രിമാരായ എം. കരുണാനിധിയും ജയലളിതയും വ്യത്യസ്ത ഘട്ടങ്ങളിൽ പുതിയ ഭരണസമുച്ചയം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.

2006-11 കാലത്തെ കരുണാനിധി സർക്കാർ ചെന്നൈയിലെ ഓമന്തൂരാർ സർക്കാർ എസ്റ്റേറ്റിൽ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിച്ചിരുന്നു. എന്നാൽ 2011ൽ അധികാരത്തിലെത്തിയ ജയലളിത സർക്കാർ അത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജുമായി മാറ്റുകയും സെക്രട്ടേറിയറ്റ് വീണ്ടും ഫോർട്ട് സെന്റ് ജോർജിലേക്ക് മാറ്റുകയും ചെയ്തു.

ജയലളിതയുടെ കാലത്തും മഹാബലിപുരത്തിന് സമീപം ഭരണനഗരം സ്ഥാപിക്കാനുള്ളതടക്കമുള്ള നിരവധി പദ്ധതികൾ മുന്നോട്ടുവന്നിരുന്നെങ്കിലും അവ യാഥാർഥ്യമായില്ല. അതിനാൽ പുതിയ പ്രഖ്യാപനം നടപ്പായാൽ, പതിറ്റാണ്ടുകളായി തുടരുന്ന ഭരണസിരാകേന്ദ്രം മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവാകും.

അതേസമയം, പുതിയ സമുച്ചയം ചെന്നൈയിലെ കൃത്യമായി ഏത് സ്ഥലത്താണ് നിർമിക്കുകയെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുടെ സ്ഥലം, നിർമാണ സമയക്രമം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവരുമെന്നാണ് സൂചന.

പുതിയ സെക്രട്ടേറിയറ്റ് പ്രഖ്യാപനത്തിനൊപ്പം ചെന്നൈയിൽ തമിഴ്‌നാട് ഒളിമ്പിക് സിറ്റി, മോട്ടോർ സ്പോർട്സ് സിറ്റി എന്നിവ സ്ഥാപിക്കാനുള്ള പദ്ധതികളും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments