Wednesday, September 2, 2026
HomeQatarഖത്തറിലേക്ക് നിയന്ത്രിത മരുന്നുകളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി ഓൺലൈനായി അനുമതി നേടാം

ഖത്തറിലേക്ക് നിയന്ത്രിത മരുന്നുകളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി ഓൺലൈനായി അനുമതി നേടാം

ദോഹ: വ്യക്തിഗത ആവശ്യങ്ങൾക്കായി നിയന്ത്രിത (Controlled) മരുന്നുകൾ കൈവശം വച്ച് ഖത്തറിലേക്ക് എത്തുകയോ ഖത്തറിൽ നിന്ന് യാത്ര ചെയ്യുകയോ ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്ക് മുമ്പ് ഓൺലൈനായി അനുമതി (Permit) നേടാം. ഇതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.

ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. വിമാനത്താവളത്തിൽ അവസാന നിമിഷ തിരക്ക് ഒഴിവാക്കാൻ യാത്രയ്ക്ക് കുറഞ്ഞത് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

പുതിയ സംവിധാനം വഴി യാത്രക്കാർക്ക് മുൻകൂട്ടി അപേക്ഷ നൽകാനും, അപേക്ഷയുടെ പുരോഗതി ഓൺലൈനായി പരിശോധിക്കാനും, അനുമതി ഇലക്ട്രോണിക് രൂപത്തിൽ സ്വീകരിക്കാനും സാധിക്കും. മുമ്പ് കൗണ്ടറുകൾ സന്ദർശിച്ച് രേഖകൾ സമർപ്പിക്കേണ്ടിയിരുന്ന നടപടിക്രമത്തിന് ഇതോടെ വിരാമമാകും.

MoPH വെബ്സൈറ്റിലെ National Authentication System ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകളോടൊപ്പം ഡോക്ടറുടെ സാധുവായ  പ്രിസ്ക്രിപ്ഷൻ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

തുടർന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ Department of Pharmacy and Drug Control അപേക്ഷ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അനുമതി നൽകുക.

ഡിജിറ്റൽ സേവനം നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനൊപ്പം നിയന്ത്രിത മരുന്നുകളുടെ ഉപയോഗം സുരക്ഷിതവും നിയമാനുസൃതവുമാക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഏത് മരുന്നുകളാണ് നിയന്ത്രിത വിഭാഗത്തിൽപ്പെടുന്നതെന്നും അപേക്ഷ എങ്ങനെ സമർപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങളും ആവശ്യമായ രേഖകളുടെ പട്ടികയും നിയന്ത്രിത മരുന്നുകളുടെ സമ്പൂർണ പട്ടികയും ഉൾക്കൊള്ളുന്ന ഗൈഡ് ബുക്ക് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments