മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ 38 വർഷങ്ങൾക്ക് ശേഷം 4K റീമാസ്റ്റർ പതിപ്പിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ദൃശ്യ-ശ്രാവ്യ മികവോടെ നവീകരിച്ച ചിത്രം പുതിയ തലമുറയ്ക്കും പഴയ പ്രേക്ഷകർക്കും ഒരുപോലെ മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
റീ-റിലീസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംവിധായകൻ സിബി മലയിൽ സിനിമയുടെ രൂപീകരണകാലത്തെ ഓർമകൾ പങ്കുവെച്ചു. ‘കിരീടം’ മലയാള സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള ചിത്രമാണെന്നും, വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകർ അതേ സ്നേഹത്തോടെ സിനിമയെ ഏറ്റെടുത്തത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ അനുഭവങ്ങളും അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സമർപ്പണവും അദ്ദേഹം അനുസ്മരിച്ചു.നിർമാതാവ് ദിനേശ് പണിക്കർ ചിത്രത്തിന്റെ പുനഃപ്രദർശനം ഏറെ സന്തോഷം നൽകുന്ന നിമിഷമാണെന്ന് പറഞ്ഞു. മികച്ച സാങ്കേതിക നിലവാരത്തിൽ ‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ പഴയ പ്രേക്ഷകർക്ക് ഗൃഹാതുരത്വവും പുതിയ തലമുറയ്ക്ക് ഒരു മികച്ച ക്ലാസിക് സിനിമയെ വലിയ സ്ക്രീനിൽ കാണാനുള്ള അവസരവും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1989-ൽ റിലീസ് ചെയ്ത ‘കിരീടം’ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. ലോഹിതദാസിന്റെ ശക്തമായ തിരക്കഥയും സിബി മലയിലിന്റെ സംവിധാനവും ചേർന്ന ചിത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം തലമുറകൾക്ക് പ്രിയപ്പെട്ട സിനിമയായി ഇന്നും നിലനിൽക്കുകയാണ്.4K റീമാസ്റ്ററിംഗിലൂടെ പുതിയ ദൃശ്യഭംഗിയോടെ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ‘കിരീടം’, പഴയ ഓർമകളെ പുതുക്കുന്നതിനൊപ്പം പുതിയ പ്രേക്ഷകരെയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.



