വാഷിങ്ടൺ: അമേരിക്കൻ പൗരത്വത്തിനായുള്ള (Naturalization) അപേക്ഷാ ഫീസ് 75 ശതമാനം വരെ ഉയർത്താൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) മുന്നോട്ടുവച്ച പുതിയ നിർദേശപ്രകാരം, നിലവിലെ 760 ഡോളറിന്റെ ഫീസ് 1,330 ഡോളറായി ഉയർത്താനാണ് ശുപാർശ. ഓൺലൈൻ അപേക്ഷകളുടെ ഫീസും 710 ഡോളറിൽ നിന്ന് 1,280 ഡോളറാക്കി വർധിപ്പിക്കാനാണ് നിർദേശം.
നിലവിൽ ലഭ്യമായ ഫീസ് ഇളവുകളും കുറഞ്ഞ വരുമാനക്കാർക്കുള്ള ഫീസ് കുറവ് പദ്ധതികളും ഒഴിവാക്കുന്നതും നിർദേശത്തിലുണ്ട്. അപേക്ഷകൾ പരിശോധിക്കുന്നതിനും സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്തുന്നതിനും വരുന്ന മുഴുവൻ ചെലവും അപേക്ഷകരിൽ നിന്നുതന്നെ ഈടാക്കണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.നിർദേശം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ശേഷം പൊതുജനാഭിപ്രായം തേടുന്ന നടപടികൾ ആരംഭിക്കും. അന്തിമ തീരുമാനം വരുന്നതുവരെ നിലവിലെ ഫീസ് സംവിധാനത്തിൽ മാറ്റമുണ്ടാകില്ല.



