കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം ഡൽഹി ഗുരുഗ്രാം അതിർത്തിയിലെ വനമേഖലയിൽ കണ്ടെത്തി; പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ന്യൂഡൽഹി: ഡൽഹിയിലെ മെഹ്‌റൗളി–ഗുരുഗ്രാം അതിർത്തി പ്രദേശത്ത് 11 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാബ് ഡ്രൈവറായ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മൃതദേഹം ഡൽഹി–ഗുരുഗ്രാം അതിർത്തിക്കു സമീപമുള്ള വനമേഖലയിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.പോക്സോ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



