ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിൽ ഹാജരാകാൻ കോടതി പലതവണ നിർദേശിച്ചിട്ടും അദ്ദേഹം ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
2019-ൽ അഭിഭാഷകൻ കെ. ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടക, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളിൽ പ്രകാശ് രാജിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും, തമിഴ്നാട്ടിലെ വേളാച്ചേരി മണ്ഡലത്തിൽ രണ്ട് എൻട്രികൾ ഉണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.കേസിൽ നേരത്തെ നൽകിയ സമൻസുകൾക്കും വാറന്റുകൾക്കും ശേഷവും കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് മൂന്നാം തവണയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ അടുത്ത പരിഗണന ജൂലൈ 25-ന് നിശ്ചയിച്ചിട്ടുണ്ട്.അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രകാശ് രാജ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണുള്ളത്



