ന്യൂഡൽഹി: ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നയിക്കുന്ന വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ചൊവ്വാഴ്ച പ്രതിഷേധം നടന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും എംപിമാരും സമരത്തിൽ പങ്കെടുത്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ധർണയ്ക്കിടെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പിന്നാലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ കടുത്ത വിമർശനം തുടർന്നു.
അതേസമയം, രാജ്യതലസ്ഥാനത്ത് ‘കോക്രോച്ച്’ പ്രക്ഷോഭം തുടർന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം, പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ. പൊലീസ് നടപടിക്കുശേഷവും സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.



