ലക്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഒരേ യുവാവിനെ രണ്ട് സഹോദരിമാരും അവരുടെ ബന്ധുവും ചേർന്ന് വിവാഹച്ചടങ്ങ് നടത്തിയതായി പുറത്തുവന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സോഷ്യൽ മീഡിയ കണ്ടന്റ് സ്രഷ്ടാക്കളായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് (18) എന്നിവരാണ് തങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ചിരുന്ന ക്യാമറാമാനായ വികാസ് ഖടക്വംശിയെ (20) വിവാഹം ചെയ്തതായി അവകാശപ്പെട്ടത്. വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

സഹോദരിമാരും ബന്ധുവും ബാല്യം മുതൽ ഒരുമിച്ചാണ് വളർന്നതെന്നും വിവാഹത്തിന് ശേഷം വേർപിരിഞ്ഞ് ജീവിക്കേണ്ട സാഹചര്യം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഒരേ വ്യക്തിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങൾ തങ്ങൾക്ക് പ്രത്യേകമായി വിവാഹാലോചനകൾ ആരംഭിച്ചതോടെയാണ് ഈ തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി.
അംറോഹയിലെ ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വികാസ് മൂവർക്കും സിന്ദൂരം ചാർത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചടങ്ങിൽ യുവതികളുടെയോ യുവാവിന്റെയോ കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വികാസ് കഴിഞ്ഞ ആറുമാസമായി ഇവരുടെ സോഷ്യൽ മീഡിയ വീഡിയോകളുടെ ക്യാമറാമാനായും ചില വീഡിയോകളിൽ ഭർത്താവിന്റെ കഥാപാത്രമായും അഭിനയിച്ചിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.
അതേസമയം, സംഭവത്തിന്റെ നിയമസാധുതയെക്കുറിച്ച് ചർച്ചകൾ ശക്തമായിട്ടുണ്ട്. ഹിന്ദു വിവാഹനിയമപ്രകാരം ഒരാൾക്ക് ജീവിച്ചിരിക്കുന്ന ഭാര്യയുള്ള സാഹചര്യത്തിൽ മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഈ വിവാഹത്തിന് നിയമപരമായ സാധുത ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നാല് പേരെയും ചോദ്യം ചെയ്തെങ്കിലും ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.



