മുഴുവൻ വരികളും ഉൾപ്പെടുത്തി ക്ഷണക്കത്ത്
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ചെങ്കോട്ട. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആദ്യമായി ആലപിക്കും. ദേശീയ ഗീതത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങിന്റെ ക്രമത്തിൽ ‘വന്ദേമാതരം’ ഉൾപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെ ബുർജിൽ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. പ്രധാനമന്ത്രി എത്തുന്ന സമയത്ത് ആദ്യം ‘വന്ദേമാതരം’ ആലപിക്കും. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും ഈ സമയത്ത് എഴുന്നേറ്റുനിൽക്കണമെന്ന് നിർദേശമുണ്ട്.
‘വന്ദേമാതരം’ ആലപിച്ചതിന് ശേഷമായിരിക്കും പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുക. തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജനഗണമന’ ആലപിക്കും.
“ചടങ്ങുകളുടെ ക്രമത്തിൽ ഇതാദ്യമായാണ് വന്ദേമാതരം ഉൾപ്പെടുത്തുന്നത്. പ്രധാനമന്ത്രി ചെങ്കോട്ടയിലെ ബുർജിലേക്ക് എത്തുന്നതോടെ ആദ്യം ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കും. ഇതിന് ശേഷം ദേശീയ പതാക ഉയർത്തുകയും തുടർന്ന് ജനഗണമന ആലപിക്കുകയും ചെയ്യും,” പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് വ്യക്തമാക്കി.
മുഴുവൻ വരികളും ഉൾപ്പെടുത്തി ക്ഷണക്കത്ത്
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്കായി പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ക്ഷണക്കത്തുകളിലും ഇത്തവണ പ്രത്യേക മാറ്റമുണ്ട്. ‘വന്ദേമാതരത്തിന്റെ’ ആറ് ഖണ്ഡികകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിനിടെ സദസ്സിലുള്ള എല്ലാവർക്കും ഒരുമിച്ച് ‘വന്ദേമാതരം’ ഏറ്റുപാടാനുള്ള അവസരമൊരുക്കുന്നതിനാണ് മുഴുവൻ വരികളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിശദീകരണം.
ദേശീയ ഗീതമായ ‘വന്ദേമാതരത്തിന്റെ’ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിലും ഇതിന് പ്രത്യേക സ്ഥാനം നൽകുന്നത്. ‘വന്ദേമാതരം’ ആദ്യമായി ചടങ്ങിന്റെ ഔദ്യോഗിക ക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന സവിശേഷതയാകും.



