
കുട്ടികൾ കുറ്റവാളികളാകുന്ന സാമൂഹ്യ കുടുംബ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം,
മലയാളധ്വനി അംഗവും ഖത്തർ പ്രവാസിയും പ്രമുഖ കൗൺസലിംഗ് സൈക്കോളജിസ്റ്റുമായ
ഡോ.ക്ലേരൻസ് ജോസഫ് എഴുതുന്നു…
ഒരു കുട്ടി ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവെന്ന ഒരു വാർത്ത നാം കേൾക്കാനിടയായാൽ തന്നെ നമ്മിൽ ആദ്യം ഉണ്ടാകുന്നത് ഞെട്ടലും രോഷവും സ്വാഭാവികമായും അവരെ ശിക്ഷിക്കണമെന്ന വികാരവുമാണ്. പ്രത്യേകിച്ച് കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നമ്മുടെ കുട്ടികൾ ചെന്നുപ്പെടുമ്പോൾ സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും മർദിതരുടെ കുടുംബങ്ങളോടുള്ള സഹതാപവും വേദനയും നമ്മിൽ വർധിപ്പിക്കുന്നു. കുറ്റം ചെയ്തത് ആരുതന്നെയായാലും ചെയ്ത കുറ്റത്തിന്റെ ഗൗരവം ഒരിക്കലും കുറച്ചുകാണാനാവില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംഭവിച്ച നഷ്ടം തിരിച്ചുകൊടുക്കാനും നമുക്ക് കഴിയില്ല. എന്നാൽ ഇത്തരം സംഭവങ്ങളെ കാണുമ്പോൾ ഒരു മനശ്ശാസ്ത്രജ്ഞന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്: “ഈ കുട്ടി ഇവിടെ എത്തിപ്പെട്ടത് എങ്ങനെയാണ്?” ഈ ചോദ്യം കുറ്റത്തെ ന്യായീകരിക്കാനല്ല; മറിച്ച് മറ്റൊരു കുട്ടി ഇതേ വഴിയിലേക്ക് എത്തിപ്പെടാതിരിക്കാൻ നമുക്ക് എന്തുചെയ്യാനാകും എന്ന് മനസ്സിലാക്കാനാണ്.
ഒരു കുട്ടിയുടെ കുറ്റകൃത്യത്തെ മാത്രം നോക്കി ആ കുട്ടിയുടെ മുഴുവൻ വ്യക്തിത്വത്തെയും നിർവചിക്കുന്നത് മനശ്ശാസ്ത്രപരമായി ശരിയായ സമീപനമല്ല. ഒരു കുറ്റകൃത്യം ഒരു സംഭവമാണ്; എന്നാൽ ഒരു കുട്ടിയുടെ വളർച്ച വർഷങ്ങളെടുത്ത് രൂപപ്പെടുന്ന ഒരു യാത്രയാണ്. ആ യാത്രയിൽ കുടുംബബന്ധങ്ങൾ, മാതാപിതാക്കളുമായുള്ള ബന്ധം, സ്കൂൾ അനുഭവങ്ങൾ, കൂട്ടുകാരുടെ സ്വാധീനം, മറ്റുള്ളവരുടെ ഭീക്ഷണിപ്പെടുത്തൽ , സാമൂഹികമായ അംഗീകാരത്തിനുള്ള അഭിനിവേശം, അനുഭവിച്ചിട്ടുള്ള അവഗണനയും പീഡനവും, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, പ്രശ്നങ്ങളെ നേരിടുന്ന രീതികൾ തുടങ്ങി നിരവധി ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ ഒരു കുട്ടിയുടെ ഗുരുതരമായ പെരുമാറ്റത്തെ മനസ്സിലാക്കാൻ ആ പെരുമാറ്റത്തിന് പിന്നിലുള്ള developmental circumstances കൂടി പരിശോധിക്കേണ്ടത് അനിവാര്യമാണ്.
കൗമാരം പ്രത്യേകിച്ച് വളരെ സങ്കീർണ്ണമായ ഒരു developmental period ആണ്. ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനൊപ്പം ചിന്തയിലും വികാരങ്ങളിലും സാമൂഹികബന്ധങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹവും കൂട്ടുകാരുടെ അംഗീകാരം നേടാനുള്ള താൽപര്യവും ശക്തമാകുന്ന ഈ ഘട്ടത്തിൽ, വികാരങ്ങളെ നിയന്ത്രിക്കാനും ദീർഘകാല പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് തീരുമാനങ്ങൾ എടുക്കാനും ആവശ്യമായ കഴിവുകൾ അവർ ആർജിച്ചുകഴിഞ്ഞു എന്ന് നമുക്ക് അനുമാനിക്കാനാവില്ല. അതിനാൽ കൗമാരക്കാരുടെ പെരുമാറ്റത്തെ വിലയിരുത്തുമ്പോൾ അവരുടെ പ്രായത്തിനും developmental stage-നും അനുയോജ്യമായ ഒരു മനശ്ശാസ്ത്രപരമായ കാഴ്ചപ്പാട് ആവശ്യമാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഒരു കുട്ടിയുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നത് മാത്രം ആ കുട്ടി കുറ്റവാളിയാകാനുള്ള കാരണമല്ല. മാതാപിതാക്കൾ വേർപിരിഞ്ഞ കുടുംബങ്ങളിൽ വളരുന്ന അനേകം കുട്ടികൾ ആരോഗ്യകരമായും ഉത്തരവാദിത്തത്തോടെയും വളരുന്നുണ്ട്. അതുപോലെ, മാതാപിതാക്കൾ ഒരുമിച്ച് കഴിയുന്ന എല്ലാ കുടുംബങ്ങളിലും കുട്ടികൾ സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷത്തിലാണ് വളരുന്നതെന്നും പറയാനാവില്ല. കുടുംബത്തിന്റെ ഘടനയേക്കാൾ പ്രധാനമാണ് കുട്ടിക്ക് ലഭിക്കുന്ന emotional security. കുട്ടിക്ക് വീട്ടിൽ സ്നേഹവും സുരക്ഷിതത്വവും അനുഭവപ്പെടുന്നുണ്ടോ? തന്റെ പ്രശ്നങ്ങൾ തുറന്ന് പറയാൻ ഒരാളുണ്ടോ? തെറ്റ് ചെയ്താൽ അപമാനിക്കപ്പെടാതെ തിരുത്തപ്പെടുന്നുണ്ടോ? ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്ന ഒരു ബന്ധമുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് കൂടുതൽ പ്രസക്തം. ഒരു കുട്ടിയുടെ ജീവിതത്തിൽ കുറഞ്ഞത് ഒരാളെങ്കിലും “എന്നെ മനസ്സിലാക്കുന്ന ഒരാൾ” എന്ന അനുഭവം നൽകുന്നത് വളരെ പ്രധാനമാണ്. അത് മാതാവാകാം, പിതാവാകാം, അധ്യാപകനാകാം, ബന്ധുവാകാം, അല്ലെങ്കിൽ ഒരു mental-health professional ആകാം. തന്റെ ഭയം, കോപം, അപമാനം, നിരാശ,മറ്റുള്ളവരുടെ ഭീക്ഷണിപ്പെടുത്തൽ, സമപ്രായക്കാരിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരാൾ കുട്ടിക്ക് ഉണ്ടാകണം. പലപ്പോഴും മുതിർന്നവർ കുട്ടിയോട് “നീ എന്തുകൊണ്ടാണ് അത് ചെയ്തത് ?” എന്നാണ് ചോദിക്കുന്നത്. എന്നാൽ അതിന് മുമ്പ് അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി “നിനക്ക് അങ്ങനെ തോന്നുവാൻ എന്താണുണ്ടായത് “, “മറ്റുള്ളവരുടെ പ്രേരണ വല്ലതും ഉണ്ടായോ”, എന്നും മറ്റും ചോദിക്കുന്നതായിരിക്കും അഭികാമ്യം.
കുട്ടികളിൽ കാണുന്ന കോപവും അക്രമാസക്തമായ പെരുമാറ്റവും ചിലപ്പോൾ പുറത്തുകാണുന്ന ഒരു ലക്ഷണം മാത്രമായിരിക്കാം. അതിന്റെ പിന്നിൽ ഭയമോ നിരാകരണമോ അപമാനമോ പ്രതികാരമോ ഏകാന്തതയോ ദീർഘകാല സമ്മർദമോ ഉണ്ടായേക്കാം. ചില കുട്ടികൾക്ക് തങ്ങളുടെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ അത് പെരുമാറ്റത്തിലൂടെയാണ് പുറത്തുവരുന്നത്. എന്നാൽ ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഓർക്കണം: ഇത്തരം അനുഭവങ്ങൾ ഉണ്ടായ എല്ലാ കുട്ടികളും അക്രമത്തിലേക്കോ കുറ്റകൃത്യത്തിലേക്കോ പോകുന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക കുറ്റകൃത്യത്തിന് ഒരു പ്രത്യേക കാരണം ചൂണ്ടിക്കാണിക്കുന്നത് ശാസ്ത്രീയമായി ശരിയല്ല.
കഴിഞ്ഞകാല ചില ഗവേഷണങ്ങളിൽ poor family functioning, inadequate parental supervision, harsh or inconsistent discipline, weak parent-child attachment, delinquent peer influence എന്നിവ യുവാക്കളുടെ അക്രമപരമായ പെരുമാറ്റവുമായി ബന്ധപ്പെട്ട risk factors ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കുടുംബബന്ധവും വിശ്വസിക്കാവുന്ന മുതിർന്നവരുമായുള്ള ബന്ധവും protective factors ആയും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ കുട്ടികളുടെ ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനവും അവഗണിക്കാനാവില്ല. കുട്ടികൾ കാണുന്ന സിനിമ, സോഷ്യൽ മീഡിയ, ഗെയിംസുകൾ, മുതലായവയിലുള്ള ദൃശ്യങ്ങളിലെ ഉള്ളടക്കം, അവർ ഇടപെടുന്ന ആളുകൾ, സോഷ്യൽ മീഡിയയിലെ അംഗീകാരത്തിനായുള്ള മത്സരം, അക്രമത്തെ സാധാരണവൽക്കരിക്കുന്ന ചില ദൃശ്യങ്ങൾ എന്നിവ അവരുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കാം. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും social media-യെ മാത്രം കുറ്റപ്പെടുത്തുന്നതും ശരിയല്ല. കുട്ടി കാണുന്നതിനെ എങ്ങനെ മനസ്സിലാക്കുന്നു, അതിനെക്കുറിച്ച് വീട്ടിൽ സംസാരിക്കാൻ അവസരമുണ്ടോ, ശരിയും തെറ്റും തിരിച്ചറിയാൻ ആവശ്യമായ guidance ലഭിക്കുന്നുണ്ടോ എന്നതും അത്രതന്നെ പ്രധാനമാണ്.
കുട്ടികൾ നമ്മൾ പറയുന്നതിൽ നിന്ന് മാത്രമല്ല, നമ്മൾ ചെയ്യുന്നതിൽ നിന്നുമാണ് പഠിക്കുന്നത്. വീട്ടിൽ നാം കോപം എങ്ങനെ പ്രകടിപ്പിക്കുന്നു, അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കുന്നു, മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു, പരാജയത്തെ എങ്ങനെ നേരിടുന്നു, ബലപ്രയോഗത്തെ എങ്ങനെ കാണുന്നു—ഇതെല്ലാം കുട്ടിയുടെ സാമൂഹിക പഠനത്തിന്റെ ഭാഗമാകുന്നു. അതിനാൽ കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.
കുട്ടിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുള്ളതും തുടർച്ചയായതുമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കണം. അതിരൂക്ഷമായ കോപം, അകാരണമായ ഭയം, സാമൂഹികമായി പൂർണ്ണമായി പിൻവാങ്ങൽ, സ്കൂളിനോടുള്ള താൽപര്യം പെട്ടെന്ന് നഷ്ടപ്പെടൽ, ഗുരുതരമായ ഭീഷിണിപ്പെടുത്തൽ , നിരന്തരം പ്രതികാരത്തെക്കുറിച്ച് സംസാരിക്കൽ, മറ്റുള്ളവരോട് അസാധാരണമായ ക്രൂരത കാണിക്കൽ, നിയമങ്ങളും അതിരുകളും നിരന്തരം അവഗണിക്കൽ, തുടങ്ങിയ പെരുമാറ്റങ്ങൾ കാണുമ്പോൾ ഉടൻ തന്നെ കുട്ടിയെ “പ്രശ്നക്കാരൻ” എന്ന് മുദ്രകുത്തുന്നതിന് പകരം എന്താണ് അവരിൽ ഈ മാറ്റത്തിനു കാരണം എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. ഇവയിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ കണ്ടതുകൊണ്ട് ഒരു കുട്ടി കുറ്റകൃത്യത്തിലേക്ക് പോകുമെന്ന് അർത്ഥമില്ല. എന്നാൽ ഇത്തരം മാറ്റങ്ങൾ ഒരു pattern ആയി മാറുകയോ കുട്ടിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുമ്പോൾ professional help തേടുന്നത് നല്ലതാണ്.
ഇവിടെയാണ് psychological assessment-ന്റെ പ്രാധാന്യം വരുന്നത്. കുറ്റം ചെയ്ത കുട്ടിയെ ശിക്ഷിക്കരുത് എന്നല്ല പറയുന്നത്. സമൂഹത്തിന്റെ സുരക്ഷയും നിയമത്തിന്റെ പ്രാധാന്യവും മർദിതർക്ക് അവകാശപ്പെട്ട നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടണം. എന്നാൽ ശിക്ഷ മാത്രം ഒരു പരിഹാരമാകുമോ എന്ന ചോദ്യവും നാം ചോദിക്കേണ്ടതുണ്ട്. കുട്ടിയുടെ developmental level, emotional functioning, family environment, emotional trauma, peer relationships, behavioural patterns എന്നിവ മനസ്സിലാക്കാതെ ഇടപെടുകയാണെങ്കിൽ നാം ഒരു പ്രത്യേക സംഭവത്തെ മാത്രം കൈകാര്യം ചെയ്യുകയും അതിന്റെ പിന്നിലുള്ള കാരണങ്ങളും risk factors-ഉം മുഴുവനായും അവഗണിക്കുകയും ചെയ്യുകയായിരിക്കും ഫലം . അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ കുടുംബം, സ്കൂൾ, mental-health professionals, child-protection സംവിധാനങ്ങൾ, നിയമസംവിധാനം എന്നിവ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന multidisciplinary approach ആവശ്യമാണ്.
മാതാപിതാക്കൾക്ക് ഇതിൽ വലിയൊരു ഉത്തരവാദിത്തമുണ്ട്. ദിവസവും “പഠിച്ചോ?”, “homework ചെയ്തോ?”, “exam എങ്ങനെയുണ്ടായിരുന്നു?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനൊപ്പം അവരുടെ മാനസികാവസ്ഥ മനസിലാക്കിയെടുക്കുവാൻ ഉതകുന്ന കാര്യങ്ങൾ ആരായുന്നതും ഉചിതമായിരിക്കും. കുട്ടിയുടെ സുഹൃത്തുക്കളെ അറിയുക. അവന്റെ online ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. കുട്ടി സംസാരിക്കുമ്പോൾ തന്നെ ഉടൻ ഉപദേശം നൽകുന്നതിന് മുമ്പ് അവരെ കേൾക്കാൻ ശ്രമിക്കുക. എല്ലാ തെറ്റിനും അപമാനവും ഭീഷണിയും നൽകുന്നതിനു പകരം ചില തെറ്റുകൾ സംസാരിച്ചും മനസ്സിലാക്കിച്ചും തിരുത്തുക. ഏറ്റവും പ്രധാനമായി, കുട്ടിക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ അവർക്ക് ആദ്യം ഓർമ്മ വരേണ്ട വ്യക്തികൾ മാതാപിതാക്കളായിരിക്കണം; മറിച്ചു ഒരു പ്രശ്നമുണ്ടായാൽ ഭയന്ന് ഒഴിവാക്കേണ്ട വ്യക്തികളായിരിക്കരുത് അവരുടെ മാതാപിതാക്കൾ.
ഒരു കുട്ടി തെറ്റായ വഴിയിലേക്ക് പോകുമ്പോൾ “ഈ കുട്ടിക്ക് എന്താണ് പ്രശ്നം?” എന്ന് ചോദിക്കുന്നതിനൊപ്പം “ഈ കുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്?”, എന്ന് മനസ്സിലാക്കാനാണ് നാം ആദ്യം ശ്രമിക്കണ്ടത് .അതിനേക്കാൾ പ്രധാനമായി, “നമ്മൾ നേരത്തെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്തെങ്കിലും മാറ്റാൻ കഴിയുമായിരുന്നോ?” എന്നും നാം സ്വയം ചോദിക്കണ്ടതുണ്ട്. അതോടൊപ്പം ഒരു കുട്ടിയുടെ കുറ്റങ്ങളെ ഒരിക്കലും ന്യായീകരിക്കുകയല്ല നാം ചെയ്യേണ്ടത്. അവരുടെ കുറ്റക്ര്യത്യത്തിനിരയായവരുടെ വേദനയും മറക്കാനിടവരരുത്. നിയമത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കയുമരുത്. എന്നാൽ കുറ്റം ചെയ്ത കുട്ടിയെ “കുറ്റവാളി” എന്ന ഒരൊറ്റ വാക്കിൽ മാത്രം ഒതുക്കുകയും ചെയ്യരുത്. കാരണം ഒരു കുട്ടിയെ മനസ്സിലാക്കേണ്ടത് അവർ ചെയ്ത കുറ്റങ്ങളെ കുറച്ചുകണ്ടുകൊണ്ടല്ല, മറിച്ച്, ആ തെറ്റുകുറ്റങ്ങളിലേക്ക് അവരെ നയിച്ച വഴികളെ മനസ്സിലാക്കി, അതേ വഴിയിലൂടെ മറ്റൊരു കുട്ടി നടക്കാതിരിക്കാനുള്ള ഒരു അവസരം സൃഷ്ടിച്ചുകൊണ്ടാണ്.



