Wednesday, September 2, 2026
HomeINDIAഎഞ്ചിൻ തകരാർ: ഗോവ–ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

എഞ്ചിൻ തകരാർ: ഗോവ–ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

പറന്നുയർന്ന് മിനിറ്റുകൾക്കകം സാങ്കേതിക തകരാർ; 229 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

പനാജി: ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എഞ്ചിനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇൻഡിഗോയുടെ 6E 2102 വിമാനമാണ് ചൊവ്വാഴ്ച രാവിലെ മൻോഹർ ഇന്റർനാഷണൽ എയർപോർട്ടിൽ (മോപ്പ) സുരക്ഷിതമായി ലാൻഡ് ചെയ്തത്.

രാവിലെ 9.16ഓടെയാണ് വിമാനം ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്നത്. പറന്നുയർന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എഞ്ചിനിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ വിമാനം ഗോവയിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.

വിമാനം തിരിച്ചുവരുന്നതിനിടെ രാവിലെ 9.30ഓടെ എയർ ട്രാഫിക് കൺട്രോൾ (ATC) പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് 9.51ഓടെ റൺവേ 28ൽ വിമാനം സുരക്ഷിതമായി ഇറക്കി. 10.03ഓടെ അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു.

229 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കി വിമാനത്താവളത്തിലെ ബോർഡിങ് ഏരിയയിൽ എത്തിച്ചു. ഡൽഹിയിലേക്കുള്ള തുടർയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ നടത്തിവരികയാണ്.

വിമാനം വിശദമായ മെയിന്റനൻസ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ആവശ്യമായ പരിശോധനകളും അനുമതികളും പൂർത്തിയാക്കിയ ശേഷമേ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കൂ. എഞ്ചിൻ തകരാറിന്റെ കൃത്യമായ കാരണം വ്യക്തമാകാനുണ്ട്.

സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് ആശ്വാസമായി. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് പുറത്തുവരാനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments