Wednesday, September 2, 2026
HomeWORLDനേപ്പാളിൽ മരണസംഖ്യ 392 ആയി: 1,468 പേരെ കാണാനില്ല, 290 ഇന്ത്യക്കാരും പട്ടികയിൽ

നേപ്പാളിൽ മരണസംഖ്യ 392 ആയി: 1,468 പേരെ കാണാനില്ല, 290 ഇന്ത്യക്കാരും പട്ടികയിൽ

കാണാതായ 33 അംഗ മലയാളി സംഘവുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞീട്ടില്ലെന്ന് പുതിയ വിവരം 

നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ആഗസ്റ്റ് 26ന് ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 392 ആയി ഉയർന്നു. നേപ്പാളിൽ 389 പേരും ചൈനയുടെ ടിബറ്റ് മേഖലയിൽ മൂന്ന് പേരുമാണ് മരിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം 1,468 പേരെ ഇപ്പോഴും കാണാനില്ല. കാണാതായവരിൽ 290 ഇന്ത്യക്കാരുമുണ്ട്.

രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാകുന്നത്. നേപ്പാൾ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ റോഡുകളും പാലങ്ങളും തകർന്നതോടെ ദുരന്തബാധിത മേഖലകളിലേക്ക് എത്തുന്നതാണ് രക്ഷാസംഘങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ഹിമാനി തകർച്ച; പിന്നാലെ പാഞ്ഞെത്തിയത് വൻ ജലപ്രവാഹം

ആദ്യം ഭൂചലനമാണോ ദുരന്തത്തിന് കാരണമെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഹിമാനി തകർച്ചയും അതിനെ തുടർന്നുണ്ടായ മണ്ണ്–പാറ–മഞ്ഞ് പ്രവാഹവുമാണ് വൻ പ്രളയത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ലാങ്‌ടാങ് ലിറുങ് മേഖലയിലുണ്ടായ തകർച്ച നദിയിലേക്ക് വൻതോതിൽ മഞ്ഞും പാറകളും മണ്ണും പതിക്കുകയും തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് അതിശക്തമായ ജലപ്രവാഹം പാഞ്ഞെത്തുകയുമായിരുന്നു

ഗ്രാമങ്ങൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി പദ്ധതികൾ എന്നിവയ്ക്കും വൻ നാശനഷ്ടമാണ് സംഭവിച്ചത്. കാഠ്മണ്ഡുവിനെയും ലാസയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതപാതയിലും ദുരന്തം വലിയ ആഘാതം സൃഷ്ടിച്ചു.

വീണ്ടും പ്രളയഭീഷണി; ജാഗ്രതാ നിർദേശം

ദുരന്തം അവസാനിച്ചിട്ടില്ലെന്ന ആശങ്കയിലാണ് അധികൃതർ. മലമേഖലയിൽ രൂപപ്പെട്ട തടാകസദൃശമായ ജലാശയങ്ങളും നദികളിലെ തടസ്സങ്ങളും നിരീക്ഷിച്ചുവരികയാണ്. ഇവ തകർന്നാൽ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യക്കാരെക്കുറിച്ചും ആശങ്ക

ദുരന്തബാധിത മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിയത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 290 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. നേരത്തെ നിരവധി ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

മൗണ്ട് കൈലാഷ് തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി വിദേശ പൗരന്മാരും കാണാതായവരുടെ പട്ടികയിലുണ്ട്. ദുരന്തമേഖലയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ കൃത്യമായ കണക്കുകൾ പുറത്തുവരാൻ വൈകുകയാണ്.

രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും കാണാതായവരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ദുരന്തമേഖലയിലെ അവശിഷ്ടങ്ങൾക്കിടയിലും നദീതീരങ്ങളിലും തിരച്ചിൽ തുടരുകയാണ്. വരും മണിക്കൂറുകളിൽ മരണസംഖ്യയിലും കാണാതായവരുടെ എണ്ണത്തിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments