Wednesday, September 2, 2026
HomeKERALAചതയദിന പരിപാടിയിൽ പങ്കെടുത്തില്ല: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ

ചതയദിന പരിപാടിയിൽ പങ്കെടുത്തില്ല: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ

ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ പ്രോഗ്രാം ലിസ്റ്റിലില്ല

അപമര്യാദയായി പെരുമാറിയതും സംസാരിച്ചതും കോൺഗ്രസ് സംസ്കാരത്തിന്റെ ഭാഗമല്ല
അനിലിനെതിരെ നടപടിക്ക് കെ പി സി സി
ഒരു കോൺഗ്രസ് ഡി സി സി അംഗത്തിന് ചേരാത്ത പെരുമാറ്റമെന്ന് നാട്ടുകാർ
മുഖ്യമന്ത്രിയെ കരിതേക്കാൻ
ചേന്തി അനിൽ ബോധപൂർവ്വം സൃഷ്ടിച്ച രംഗമെന്ന് കണ്ടു നിന്ന നാട്ടുകാർ
പക്വതയും ഉത്തരവാദിത്വവുമുള്ള കോൺഗ്രസ് നേതാവാണെങ്കിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടാനും പരിപാടിയിൽ പങ്കെടുപ്പിക്കുവാനും എന്തെല്ലാം മാർഗങ്ങളുണ്ട്, തെരുവിൽ തടയണൊ എന്ന് പൊതുജനം
ഈ നിഗമനങ്ങൾ അനിൽ ബോധപൂർവ്വം സൃഷ്ടിച്ച നാടകമെന്ന വിശ്വാസത്തിന് ബലം കൂട്ടുന്നു

തിരുവനന്തപുരം: ചേന്തിയിലെ ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ ചേന്തി അനിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസാണ് നടപടി സ്വീകരിച്ചത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക നിലയം സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാൽ ഔദ്യോഗിക പരിപാടിപ്പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചേന്തിയിൽവച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോൺഗ്രസ് പ്രവർത്തകർ കൈകാണിച്ച് തടഞ്ഞത്.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാഹനം നിർത്തിയതോടെ അദ്ദേഹം പുറത്തിറങ്ങി പ്രവർത്തകരോട് സംസാരിച്ചിരുന്നു. “മര്യാദയ്ക്ക് സംസാരിച്ചോളണം” എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ, “മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?” എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അനിലിനെ മാറ്റുകയായിരുന്നു.

ഗുരുതര വകുപ്പുകൾ ചുമത്തി കേസ്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് തുടർനടപടിയിലേക്ക് കടന്നത്.

അർധരാത്രിയോടെയാണ് പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

‘മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നു’; അനിൽ

അതേസമയം, ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് സമ്മതിച്ചിരുന്നതായാണ് ചേന്തി അനിലിന്റെ വിശദീകരണം. അവസാന നിമിഷം വരെയും മുഖ്യമന്ത്രി പരിപാടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് പരിപാടിയിൽ പങ്കെടുക്കാതെ പോയതിലുള്ള പ്രതിഷേധമാണ് വാഹനവ്യൂഹം തടയാൻ കാരണമെന്നും അനിൽ പറയുന്നു.

ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്കരിച്ചതായും റിപ്പോർട്ടുകളുണ്ട്. എല്ലാ വർഷവും ചെമ്പഴന്തിയിൽ എത്തുന്ന മുഖ്യമന്ത്രിമാർ ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ ചേന്തി അനിലിനെതിരെ പാർട്ടി തലത്തിലും നടപടിക്ക് ആവശ്യമുയരുന്നുണ്ട്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശനെ തടഞ്ഞതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരെ നേരത്തെ പാർട്ടി നടപടി സ്വീകരിച്ചിരുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ സംഭവത്തിലും സംഘടനാ നടപടി ഉണ്ടാകുമോയെന്നാണ് ശ്രദ്ധേയമാകുന്നത്.

ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധം ഒടുവിൽ മുഖ്യമന്ത്രിയുടെ വാഹനം തടയുന്നതിലേക്കും പൊലീസ് കേസിലേക്കും അറസ്റ്റിലേക്കും എത്തിയതോടെ സംഭവം കോൺഗ്രസിനുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments