Wednesday, September 2, 2026
HomeKERALAമെസ്സിയെ കേരളത്തിലെത്തിക്കുമെന്ന ഉറപ്പിന് പിന്നാലെ കോടികളുടെ ഇടപാട്: 126 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന ഉറപ്പിന് പിന്നാലെ കോടികളുടെ ഇടപാട്: 126 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ശക്തമാക്കി

വിദേശത്തേക്ക് പണമയച്ച രേഖകൾ ലഭിച്ചതായി റിപ്പോർട്ട്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) 126 കോടി രൂപയുടെ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് FEMA പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഉറപ്പിന് പിന്നാലെ നടന്ന സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ട്. 126 കോടി രൂപ അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നെങ്കിലും പണം കൈമാറിയതിന്റെയോ AFA അത് സ്വീകരിച്ചതിന്റെയോ വ്യക്തമായ രേഖകൾ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളും സ്പോൺസറുടെ സാമ്പത്തിക ഇടപാടുകളുമാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ. കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ നിരവധി സാമ്പത്തിക, ഭരണപര, നടപടിക്രമ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടർന്ന് വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സർക്കാർ നിലപാടെടുത്തിരുന്നു.
2023 ജൂലൈയിലാണ് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം വലിയ ആവേശം സൃഷ്ടിച്ചെങ്കിലും പിന്നീട് സന്ദർശനം പലതവണ നീളുകയും ഒടുവിൽ പദ്ധതി യാഥാർഥ്യമാകാതിരിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്പോൺസർ 15 ദശലക്ഷം യുഎസ് ഡോളർ, അതായത് ഏകദേശം 126 കോടി രൂപ, അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി അവകാശപ്പെട്ടത്. എന്നാൽ പണം യഥാർഥത്തിൽ വിദേശത്തേക്ക് കൈമാറിയതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
സ്പോൺസറെ തിരഞ്ഞെടുക്കുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ട്. താൽപര്യപത്രം ക്ഷണിക്കുകയോ ടെൻഡർ നടപടികൾ സ്വീകരിക്കുകയോ കമ്പനിയുടെ സാമ്പത്തിക ശേഷിയും ഫണ്ടിന്റെ ഉറവിടവും പരിശോധിക്കുകയോ ചെയ്തിരുന്നില്ല. മുൻ കായികമന്ത്രിയുടെ ഓഫീസും മുൻ ചീഫ് സെക്രട്ടറിയും കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം ഉദ്യോഗസ്ഥർക്ക് വാക്കാൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസറെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സർക്കാരിന് ഔദ്യോഗിക കരാർ ഉണ്ടായിരുന്നോ എന്നതിലും അന്വേഷണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ ഓഫീസും AFA പ്രതിനിധികളും തമ്മിലുള്ള ഇ-മെയിൽ ആശയവിനിമയങ്ങളാണ് പ്രധാന രേഖകളായി ഉണ്ടായിരുന്നത്. ഒരു ആശംസാ കത്ത് പോലും ഔദ്യോഗിക ധാരണയായി വ്യാഖ്യാനിച്ചുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.
126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് 22.68 കോടി രൂപയുടെ സേവന നികുതി അടച്ചിട്ടില്ലെന്ന വിഷയവും അന്വേഷണത്തിലുണ്ട്. നികുതി നടപടികളിൽ സ്പോൺസർ കമ്പനിക്ക് വഴിവിട്ട സഹായം ലഭിച്ചോ, ഇതിൽ മുൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇതിനിടെ, 2026 ഓഗസ്റ്റ് 28ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) 126 കോടി രൂപയുടെ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് FEMA പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശത്തേക്കുള്ള പണമിടപാടിൽ നിയമലംഘനം നടന്നിട്ടുണ്ടോ, ഇടപാടിന്റെ യഥാർഥ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള അന്വേഷണം വേണമെങ്കിൽ അതിന് അടിസ്ഥാനമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട നടപടികളും ആവശ്യമായി വരും.
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനം ഒടുവിൽ നടപ്പാകാതെ പോയതോടെ, അതിനായി നടന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും പണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ആരൊക്കെയാണ് ഇടപാടിന്റെ ഗുണഭോക്താക്കളായതെന്നതുമാണ് നിർണായക ചോദ്യങ്ങളായി മാറുന്നത്. മുൻ കായികമന്ത്രി ഉൾപ്പെടെയുള്ളവരുടെ നടപടികളും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ സ്പോൺസർക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമമുണ്ടായോയെന്നതും അന്വേഷണത്തിൽ കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ക്രമക്കേടുകളോ സർക്കാരിന് സാമ്പത്തിക നഷ്ടമോ ഉണ്ടായെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments