തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ നേരിൽ കാണാനെത്തുന്ന പൊതുജനങ്ങൾക്കായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ്. ഇനി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരം.
മറ്റു ജില്ലകളിൽനിന്ന് ഉൾപ്പെടെ മുഖ്യമന്ത്രിയെ കാണുന്നതിനായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് വേഗത്തിൽ പരാതി നൽകാനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
പൊതുഅവധി അല്ലാത്ത ദിവസങ്ങളിലായിരിക്കും ഈ സൗകര്യം ലഭിക്കുക. പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണനയും നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിലെത്തി മുഖ്യമന്ത്രി ഇവരെ നേരിട്ട് കാണും.
പരാതി പരിഹാര സെല്ലിലെ സന്ദർശനത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫിസിൽ മറ്റ് സന്ദർശകരെ കാണുക. നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും നിശ്ചയിച്ച സമയത്ത് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കാണാൻ സാധിക്കും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ സമയനഷ്ടം കുറയ്ക്കാനും സെക്രട്ടേറിയറ്റിലെ തിരക്ക് നിയന്ത്രിക്കാനും കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തൽ. സെപ്റ്റംബർ മുതൽ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.



