പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും സഹോദരി മറിയ ഉമ്മനും ഉൾപ്പെടെയുള്ളവർ ഗെയ്ലിനെ സ്വീകരിച്ചു.
തുടർന്ന് പുതുപ്പള്ളി ടൗണിൽ ഗെയ്ലിന് വൻ സ്വീകരണം നൽകി
കോട്ടയം: മൈതാനത്ത് പന്തിനെ അതിർത്തി കടത്തിയിരുന്ന ആ ബാറ്റിങ് കൊടുങ്കാറ്റ് കേരളത്തിന്റെ മണ്ണിലെത്തിയപ്പോൾ ആരാധകരുടെ ആവേശത്തിനും അതിരില്ല. ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തിയപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ലഭിച്ചത് മറക്കാനാകാത്തൊരു കാഴ്ച.


കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട പരിപാടികൾക്കായി കേരളത്തിലെത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ഞായറാഴ്ച പുതുപ്പള്ളിയിലും സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും കായിക അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ഗെയ്ൽ പുതുപ്പള്ളിയിലെത്തിയത്.
ഹെലികോപ്റ്ററിൽ കോട്ടയത്തെത്തിയ ഗെയ്ൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും സഹോദരി മറിയ ഉമ്മനും ഉൾപ്പെടെയുള്ളവർ ഗെയ്ലിനെ സ്വീകരിച്ചു.
തുടർന്ന് പുതുപ്പള്ളി ടൗണിൽ ഗെയ്ലിന് വൻ സ്വീകരണം നൽകി. കേരളത്തിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തിയായിരുന്നു സ്വീകരണം. കത്തുകളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, പുലികളി, പഞ്ചാരിമേളം തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്ന സ്വീകരണം ഗെയ്ലിന് കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി.
‘യൂണിവേഴ്സ് ബോസ്’ എന്ന വിളിപ്പേര് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിനും പതിവ് ഗെയ്ൽ ശൈലിയിലുള്ള മറുപടിയായിരുന്നു. “ഞാൻ ലോകം കീഴടക്കിയതിനാൽ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്രിക്കറ്റ് മൈതാനത്ത് ബൗളർമാരെ ഭയപ്പെടുത്തിയ അതേ ആത്മവിശ്വാസവും നർമ്മവും കേരളത്തിലും ഗെയ്ൽ പ്രകടിപ്പിച്ചു.
കേരളം നൽകുന്ന സ്നേഹത്തിന് എങ്ങനെ തിരിച്ചുനൽകണമെന്ന് അറിയില്ലെന്നായിരുന്നു ആരാധകരോടുള്ള ഗെയ്ലിന്റെ പ്രതികരണം. കേരളത്തിന്റെ ക്രിക്കറ്റ് പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തുടനീളം കൂടുതൽ ക്രിക്കറ്റ് ലീഗുകൾ വളരുന്നത് പുതിയ പ്രതിഭകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗെയ്ൽ പറഞ്ഞു.
പുതുപ്പള്ളിയിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് ഗെയ്ലിന്റെ സന്ദർശനം പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളും ഗെയ്ൽ സന്ദർശിച്ചു. പുതുപ്പള്ളിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനും സാംസ്കാരിക കേന്ദ്രത്തിനുമുള്ള പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ക്രിക്കറ്റ് മൈതാനത്ത് ആയിരക്കണക്കിന് സിക്സറുകൾ പറത്തിയ ‘യൂണിവേഴ്സ് ബോസ്’ കേരളത്തിലെത്തിയപ്പോൾ ആരാധകരുടെ ആവേശവും അതേ വേഗത്തിൽ ഉയർന്നു. ഒരുകാലത്ത് ബൗളർമാർ കാത്തുനിന്നത് ഗെയ്ൽ ക്രീസിലെത്താതിരിക്കാനായിരുന്നു. ഇത്തവണ കേരളം കാത്തുനിന്നത് ആ ക്രിക്കറ്റ് കൊടുങ്കാറ്റിനെ ഒരു നോക്കുകാണാനായിരുന്നു



