കണ്ണൂർ: കെ.കെ. രാഗേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐഎം മുൻ നേതാവ് ടി.കെ. ഗോവിന്ദൻ. രാഗേഷ് പാർട്ടിയിൽ എത്തുമ്പോഴുണ്ടായിരുന്ന സ്വത്തും നിലവിലെ സ്വത്തും അന്വേഷിക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു. തന്റെ സ്വത്തും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വിരൽ തനിക്കെതിരെ ചൂണ്ടുമ്പോൾ മറ്റു വിരലുകളെല്ലാം അദ്ദേഹത്തിനു നേരെയാണിരിക്കുന്നത്. വയറിംഗ്, പ്ലംബിങ് തൊഴിലാളിയായാണ് രാഗേഷ് പാർട്ടിയിൽ വന്നത്. രാഗേഷിന്റെ അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണം. തന്റെ സ്വത്തും അന്വേഷിക്കാം,” ഗോവിന്ദൻ പറഞ്ഞു.
തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാൻ രാഗേഷ് ശ്രമിക്കരുതെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്തെ കാര്യങ്ങളെല്ലാം താൻ തുറന്നുപറയേണ്ട സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“എന്നെക്കൊണ്ട് അധികം പറയിപ്പിക്കാൻ രാഗേഷ് ശ്രമിക്കരുത്. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം തന്നെക്കൊണ്ട് പറയിപ്പിക്കരുത്. അതിന് പ്രേരിപ്പിക്കരുത്. രാഷ്ട്രീയം മലീമസമാക്കാൻ മാത്രമേ അതിനു കഴിയൂ,” ഗോവിന്ദൻ വ്യക്തമാക്കി.
രാഗേഷിനെതിരായ സ്വത്തുസംബന്ധമായ ആരോപണവും ഗോവിന്ദന്റെ പരസ്യ പ്രതികരണവും സിപിഐഎമ്മിനുള്ളിലെ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.



