Thursday, September 3, 2026
HomeKERALAസ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ഇനി സ്വകാര്യ ബസുകളും: കെഎസ്ആർടിസിയുടെ ‘വെറ്റ് ലീസ്’ എന്താണ്?

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ഇനി സ്വകാര്യ ബസുകളും: കെഎസ്ആർടിസിയുടെ ‘വെറ്റ് ലീസ്’ എന്താണ്?

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കാൻ നീക്കം. സ്വകാര്യ ബസ് മേഖലയിലുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ കെ. പത്മകുമാർ അധ്യക്ഷനായ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് നിർദേശം.

രണ്ട് കെഎസ്ആർടിസി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിൽ സ്വകാര്യ ബസുകൾ വെറ്റ് ലീസ് അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പ്രിയദർശിനി സർവീസിന്റെ ഭാഗമാക്കാനാണ് ശുപാർശ. കിലോമീറ്റർ അടിസ്ഥാനത്തിലുള്ള നിരക്ക് നൽകി കെഎസ്ആർടിസി സർവീസ് നടത്തും.

എന്താണ് വെറ്റ് ലീസ്?

ബസ് മാത്രം വാടകയ്ക്ക് എടുക്കുന്നതല്ല വെറ്റ് ലീസ്. ബസിനൊപ്പം ഡ്രൈവർ, അറ്റകുറ്റപ്പണി, പരിപാലനം തുടങ്ങിയ സൗകര്യങ്ങളും ഉടമ നൽകുന്ന സംവിധാനമാണിത്. ഇതിലൂടെ കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാതെ സർവീസ് വ്യാപിപ്പിക്കാനും സ്വകാര്യ ബസ് ഉടമകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും കഴിയും.

സ്വകാര്യ ബസ് മേഖലയ്ക്ക് കൂടുതൽ ആശ്വാസം

പ്രിയദർശിനി മൂലം വരുമാനം കുറഞ്ഞ സ്വകാര്യ ബസ് മേഖലയ്ക്ക് മറ്റു ചില ആനുകൂല്യങ്ങളും സമിതി നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സർവീസുകളെ എംഎസ്എംഇ പരിഗണനയോടെ വ്യവസായമായി പ്രഖ്യാപിക്കുക, വാഹന നികുതി മാസഗഡുക്കളായി അടയ്ക്കാൻ അനുവദിക്കുക, ബസുകളുടെ കാലാവധി 22ൽ നിന്ന് 25 വർഷമാക്കുക, കെഎസ്ആർടിസി പമ്പുകളിൽനിന്ന് ഡീലർ നിരക്കിൽ ഇന്ധനം നൽകുക തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ.

സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനൊപ്പം സ്വകാര്യ ബസ് മേഖലയെയും സംരക്ഷിച്ച് പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ മാതൃകയിലേക്ക് നീങ്ങുകയാണ് പദ്ധതിയുടെ ലക്ഷ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments