Monday, November 30, 2026
HomeKERALA കായിക കേരളത്തിന് ആവേശ കിക്കോഫ്‌; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു, ഇനി പോരാട്ടത്തിന്റെയും കയ്യടിയുടെയും നാളുകൾ

 കായിക കേരളത്തിന് ആവേശ കിക്കോഫ്‌; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു, ഇനി പോരാട്ടത്തിന്റെയും കയ്യടിയുടെയും നാളുകൾ

68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി. ഒക്ടോബർ 31 വരെ പത്ത് വേദികളിലായി പതിനായിരത്തോളം വിദ്യാർഥി കായികതാരങ്ങൾ മത്സരിക്കും.

കോഴിക്കോട്: കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് പ്രൗഢഗംഭീരമായ തുടക്കം. ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ ദീപശിഖ കൈമാറി.മുഖ്യമന്ത്രി ദീപശിഖ കൊളുത്തി.   പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ് എന്നിവരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും ജനപ്രതിനിധികളും കായികരംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. എം.കെ. രാഘവൻ എം.പി., കോഴിക്കോട് കോർപറേഷൻ മേയർ ഒ. സദാശിവൻ, എം.എ. റസാഖ് എം.എൽ.എ. തുടങ്ങിയവരും സന്നിഹിതരായിരുന്നു

ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ച നീളുന്ന കായികമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർഥി കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. പരിശീലകരും ടീം മാനേജർമാരും ഒഫിഷ്യൽസും ഉൾപ്പെടെ 15,000-ത്തിലേറെ പേർ മേളയുടെ ഭാഗമാകും. കോഴിക്കോട്ടെ പത്ത് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സ്വർണക്കപ്പിന്റെ പ്രയാണവും കാസർകോടുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കോഴിക്കോട്ട് സംഗമിച്ച ശേഷമാണ് ഉദ്ഘാടന വേദിയിലെത്തിയത്.

നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും മൈതാനവുമാണ് എൻ.ഐ.ടി സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം. ഒക്ടോബർ 27 മുതൽ 31 വരെയാണ് പ്രധാന അത്‌ലറ്റിക്സ് മത്സരങ്ങൾ. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഏകദേശം 2,800 താരങ്ങൾ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും.

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ഇൻക്ലൂസീവ് കായികമത്സരങ്ങൾ മേളയുടെ പ്രധാന സവിശേഷതയാണ്. ഒക്ടോബർ 26ന് നടക്കുന്ന മത്സരങ്ങളിൽ രണ്ടായിരത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കായികമികവ് പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള കായികപ്രതിഭകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, വടംവലി, കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, യോഗ, നെറ്റ്ബോൾ, ത്രോബോൾ തുടങ്ങി വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനായി ജില്ലയിലെ പത്ത് വേദികളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മേളയ്ക്കെത്തുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും ഒഫിഷ്യൽസിനുമായി അമ്പതിലധികം സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരവേദികളിലേക്കും താമസകേന്ദ്രങ്ങളിലേക്കും യാത്ര സുഗമമാക്കാൻ പ്രത്യേക ഗതാഗത സംവിധാനവും ഏർപ്പെടുത്തി. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണത്തിനുള്ള ക്രമീകരണങ്ങൾ.

ലഹരിക്കെതിരായ ബോധവത്കരണ സന്ദേശവും കായികമേള ഉയർത്തിപ്പിടിക്കുന്നുണ്ട്. കായികമികവിനൊപ്പം അച്ചടക്കം, കൂട്ടായ്മ, സഹിഷ്ണുത, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ പ്രാധാന്യവും വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഒക്ടോബർ 31ന് നടക്കുന്ന സമാപനച്ചടങ്ങോടെ മേളയ്ക്ക് തിരശ്ശീല വീഴും. വിവിധ ഇനങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വിതരണം ചെയ്യും. അടുത്ത ഏഴു ദിവസങ്ങളിൽ ട്രാക്കിലും ഫീൽഡിലും പിറക്കുന്ന റെക്കോർഡുകൾക്കും മെഡൽ നേട്ടങ്ങൾക്കുമായി കാത്തിരിക്കുകയാണ് കായികകേരളം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments