Sunday, November 29, 2026
HomeKERALAതട്ടകത്തിൽ വിജയവഴിയിലേക്ക് മടങ്ങാൻ വാരിയേഴ്‌സ്:നാളെ കൊമ്പൻസിനെ നേരിടും

തട്ടകത്തിൽ വിജയവഴിയിലേക്ക് മടങ്ങാൻ വാരിയേഴ്‌സ്:നാളെ കൊമ്പൻസിനെ നേരിടും

സൂപ്പർ ലീഗ് കേരള ആറാം റൗണ്ടിൽ കണ്ണൂർ വാരിയേഴ്‌സ് നാളെ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം

കണ്ണൂർ, ഒക്ടോബർ 30: സൂപ്പർ ലീഗ് കേരള സീസൺ മൂന്നിന്റെ ആറാം റൗണ്ടിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി നാളെ (ഒക്ടോബർ 31) തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽനിന്ന് തിരിച്ചുവരികയും സ്വന്തം തട്ടകത്തിൽ വിജയവഴിയിലേക്ക് മടങ്ങുകയുമാണ് വാരിയേഴ്‌സിന്റെ ലക്ഷ്യം.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്.സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റാണ് കണ്ണൂർ വാരിയേഴ്‌സ് ആറാം റൗണ്ടിലേക്ക് എത്തുന്നത്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റുള്ള വാരിയേഴ്‌സിന് പോയിന്റ് പട്ടികയിൽ മുന്നേറാൻ നാളത്തെ വിജയം നിർണായകമാണ്. സ്വന്തം കാണികളുടെ പിന്തുണയും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും പരമാവധി പ്രയോജനപ്പെടുത്താനാകും ടീമിന്റെ ശ്രമം.

സീസണിന്റെ രണ്ടാം റൗണ്ടിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ നിശ്ചിതസമയത്ത് 1–1 സമനിലയിലായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പൻസ് 3–0ന് വിജയിച്ചു. അതിനാൽ സ്വന്തം തട്ടകത്തിൽ ആ തോൽവിക്ക് മറുപടി നൽകാനുള്ള അവസരം കൂടിയാണ് കണ്ണൂരിന് നാളത്തെ മത്സരം.

അഞ്ച് മത്സരങ്ങളിൽ അഞ്ച് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസിനും പോയിന്റ് പട്ടികയിൽ മുന്നേറാൻ വിജയം ആവശ്യമാണ്. കഴിഞ്ഞ മത്സരത്തിൽ തൃശൂർ മാജിക്കിനെതിരെ നിശ്ചിതസമയത്ത് ഗോൾരഹിത സമനില വഴങ്ങിയ കൊമ്പൻസ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റിരുന്നു. അതിനാൽ ഇരുടീമുകൾക്കും നിർണായകമായ മത്സരത്തിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

“വിജയത്തിലേക്കുള്ള കുതിപ്പിൽ ആരാധകരാണ് ഞങ്ങളുടെ കരുത്ത്”

കെ എം വർഗീസ്, ഡയറക്ടര്‍ കണ്ണൂർ വാരിയേഴ്‌സ് എഫ് സി

“നാളത്തെ മത്സരം കണ്ണൂർ വാരിയേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. സ്വന്തം തട്ടകത്തിൽ ആരാധകരുടെ ആവേശകരമായ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിയുമെന്ന കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. കളിക്കാരുടെ ആത്മവിശ്വാസവും ഒത്തൊരുമയും പോരാട്ടവീര്യവുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഓരോ മത്സരത്തെയും പുതിയൊരു അവസരമായി കാണുന്ന ടീം, വിജയത്തിനായി അവസാന നിമിഷംവരെ പോരാടുമെന്നാണ് പ്രതീക്ഷ. ആരാധകരുടെ സ്നേഹവും പിന്തുണയും കളിക്കാർക്ക് വലിയ പ്രചോദനമാണ്. നാളെ സ്റ്റേഡിയം വാരിയേഴ്‌സിന്റെ ആവേശഘോഷങ്ങളാൽ നിറയട്ടെ. വിജയത്തിലേക്കുള്ള ഈ യാത്രയിൽ എല്ലാവരും ടീമിനൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് മുന്നേറാം, ഒരുമിച്ച് വിജയിക്കാം” The Warrors Roar! ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂർ വാരിയേഴ്‌സ് എഫ് സി ഡയറക്റ്ററുമായ  കെ എം വര്‍ഗീസ്‌ മലയാളധ്വനിയോട് പറഞ്ഞു

വാരിയേഴ്‌സിന്റെ ആക്രമണനിരയുടെ മികവും പ്രതിരോധത്തിലെ ഏകോപനവും മത്സരഫലത്തെ സ്വാധീനിച്ചേക്കും. തുടക്കത്തിൽ തന്നെ സമ്മർദം ചെലുത്തി അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞാൽ കണ്ണൂരിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാകും. മറുവശത്ത്, പ്രത്യാക്രമണങ്ങളിലൂടെ വാരിയേഴ്‌സിന്റെ പ്രതിരോധത്തെ പരീക്ഷിക്കാനാകും കൊമ്പൻസിന്റെ ശ്രമം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments