Sunday, November 29, 2026
HomeKERALA‘ഇത് ഇടതുപക്ഷ രാഷ്ട്രീയമല്ല, നിക്ഷിപ്ത താൽപര്യത്തോടെയുള്ള വേട്ടയാടൽ’; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി. ജയരാജൻ

‘ഇത് ഇടതുപക്ഷ രാഷ്ട്രീയമല്ല, നിക്ഷിപ്ത താൽപര്യത്തോടെയുള്ള വേട്ടയാടൽ’; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി. ജയരാജൻ

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് പി. ജയരാജൻ. നിക്ഷിപ്ത താൽപര്യത്തോടെ മഹാനടനെ വേട്ടയാടുന്നുവെന്നും പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂർ: നടൻ മമ്മൂട്ടിക്കെതിരെയും അദ്ദേഹത്തെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ പേരിൽ ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും മമ്മൂട്ടിയെ വേട്ടയാടുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

മമ്മൂട്ടിയെ ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. മലയാളത്തിന്റെ അഭിമാനമായ മഹാനടനെതിരായ സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പരിഹരിച്ചതാണ്. എന്നാൽ, അവസാനിച്ച തെറ്റിദ്ധാരണ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ നിരന്തരം അധിക്ഷേപിക്കാനും വേട്ടയാടാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണെന്ന് ജയരാജൻ ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് അറിയാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും ഈ നാടിന്റെ പൊതുസ്വത്താണെന്നും ജയരാജൻ വ്യക്തമാക്കി. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കിടുന്നതും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധത്തിന്റെ തെളിവാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പോരാടി അംഗീകാരം നേടിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ കാണാൻ മമ്മൂട്ടി ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ പേരിൽ വ്യക്തിഹത്യ നടത്തുന്നവർ രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കുകയും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്ന് ജയരാജൻ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും തെറ്റായ പ്രചാരണങ്ങളിൽപ്പെട്ടവർ അതിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളത്തിന്റെ മഹാനടനെതിരായ അനാവശ്യ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് ജയരാജൻ കുറിപ്പ് അവസാനിപ്പിച്ചത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments