Sunday, November 29, 2026
HomeKERALAഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ; ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസഹായം നൽകും

ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ; ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസഹായം നൽകും

കേരളത്തിന്റെ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ. ലഹരിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി കേന്ദ്രസഹായം ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല.

ന്യൂഡൽഹി: ലഹരിമാഫിയക്കെതിരായ കേരളത്തിന്റെ ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാനെ കേന്ദ്ര സർക്കാരിന്റെ ലഹരിമുക്ത ഭാരതം പദ്ധതിയുമായി ബന്ധപ്പെടുത്തി ആവശ്യമായ സഹായം നൽകുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്.

ന്യൂഡൽഹിയിൽ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുലഭിച്ചത്. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളും ഇതുവരെ കൈവരിച്ച നേട്ടങ്ങളും അമിത് ഷാ ചോദിച്ചറിഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്ന കേരളത്തിന്റെ മാതൃകയെ അദ്ദേഹം അഭിനന്ദിച്ചതായി ചെന്നിത്തല അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ ഓപ്പറേഷൻ തൂഫാനുമായി സംയോജിപ്പിച്ചായിരിക്കും നടപ്പാക്കുക. ഇതിന്റെ ഭാഗമായി ലഹരിമുക്ത ഭാരതം പദ്ധതിയിൽനിന്ന് കേരളത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും. തീരദേശ സുരക്ഷയ്ക്കുള്ള കേന്ദ്രഫണ്ടിൽനിന്ന് സഹായം അനുവദിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്.

ലഹരിമാഫിയക്കെതിരായ പൊലീസ് നടപടികൾക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയും പുനരധിവാസവും പൊതുജനപങ്കാളിത്തവും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്. തൂഫാൻ സ്ട്രൈക്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്. 30 ലക്ഷത്തിലധികം പേർ തൂഫാൻ വാരിയർമാരായി പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.

അതേസമയം, സംസ്ഥാന പൊലീസ് സേനയിൽ വനിതാ പൊലീസുകാരുടെ പങ്കാളിത്തം 30 ശതമാനമായി ഉയർത്താനുള്ള കേരളത്തിന്റെ നീക്കത്തെയും അമിത് ഷാ അഭിനന്ദിച്ചതായി ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനുള്ള പദ്ധതികളും കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുക, പൂജപ്പുരയിൽ പുതിയ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments