Sunday, November 29, 2026
HomeKERALAപി.എസ്.സി ക്രമക്കേട്: ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യം; ബി.ജെ.പി സംഘം രാഷ്ട്രപതിയെ കണ്ടു

പി.എസ്.സി ക്രമക്കേട്: ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യം; ബി.ജെ.പി സംഘം രാഷ്ട്രപതിയെ കണ്ടു

കേരള പി.എസ്.സി നിയമന ക്രമക്കേടുകളിൽ ചെയർമാൻ എം.ആർ. ബൈജുവിനെയും അംഗങ്ങളെയും നീക്കണമെന്ന മുൻ ഗവർണറുടെ ശുപാർശയിൽ നടപടിയാവശ്യപ്പെട്ട് രാജീവ് ചന്ദ്ര ശേഖറിന്റെ നേതൃത്വത്തിൽ ബി.ജെ.പി സംഘം രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. പി.എസ്.സിയുടെ പ്രവർത്തനങ്ങളിലും നിയമന നടപടികളിലും ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

രാഷ്ട്രപതിയെ കണ്ട സംഘത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ, രാജ്യസഭാംഗങ്ങളായ സി. സദാനന്ദൻ മാസ്റ്റർ, പി.ടി. ഉഷ എന്നിവർ ഉൾപ്പെട്ടിരുന്നു. മുൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മീഷനിലെ അംഗങ്ങളെയും നീക്കണമെന്ന് ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് നേരത്തെ കത്തയച്ചിരുന്നു. ഈ ശുപാർശയിൽ ഭരണഘടനയുടെ 317-ാം അനുച്ഛേദപ്രകാരം തുടർനടപടി സ്വീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

2023 ജൂലൈ 13-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയിലാണ് പ്രധാന ക്രമക്കേട് ആരോപണം ഉയർന്നത്. 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടുവെന്നാണ് ആരോപണം. ഇത് ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് അനുകൂലമായെന്നാണ് ബി.ജെ.പി ഉന്നയിക്കുന്നത്.

പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് 180 പരാതികൾ ലഭിച്ചതായും ഒമ്പത് പരീക്ഷകളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയതായും ബി.ജെ.പി രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടൽ, സ്വജനപക്ഷപാതം, പിൻവാതിൽ നിയമനം തുടങ്ങിയ ആരോപണങ്ങളും സംഘം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഗവർണറുടെ ശുപാർശ ഭരണഘടനാവിരുദ്ധമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 317-ാം അനുച്ഛേദപ്രകാരം പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ നീക്കുന്നതിന് രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്യുകയും കോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയും വേണമെന്നാണ് ഭരണഘടനാ വ്യവസ്ഥ.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments