കൊച്ചി: ആലുവയിൽ നിർമാണത്തിലിരിക്കുന്ന 13 നില ഫ്ലാറ്റിൽനിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ആലുവ – പെരുമ്പാവൂർ റൂട്ടിൽ തോട്ടുമുഖം ജംക്ഷന് സമീപമുള്ള പണിതീരാത്ത ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ നിർമാണ ജോലികൾ നിർത്തിയിരിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ബൈക്കിലെത്തിയ യുവാവ് ഗേറ്റിനു പുറത്ത് വാഹനം നിർത്തിയ ശേഷം ഫ്ലാറ്റിന്റെ തകര ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ബൈക്ക് നിർത്തി ഇറങ്ങിവരുന്നത് എതിർവശത്തുള്ള കെട്ടിടത്തിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും അവിടെയുണ്ടായിരുന്ന ബിനോയ് എന്ന ഇലക്ട്രിഷ്യനെയും തള്ളിമാറ്റി യുവാവ് എമർജൻസി എക്സിറ്റ് വഴി മുകളിലേക്ക് ഓടിക്കയറി.
ജീവനക്കാർ ഇയാളുടെ പിന്നാലെ മുകളിലേക്ക് 7 നില വരെ കയറി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ സമീപത്തുള്ള ടെറസിൽ നിന്നയാൾ വലിയൊരു ശബ്ദം കേട്ടതായി അറിയിച്ചു. തുടർന്ന് താഴേക്ക് നോക്കിയപ്പോഴാണ് യുവാവ് താഴെ വീണു കിടക്കുന്നത് കണ്ടത്. ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


