ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലേക്കും ന്യൂവാർക്കിലേക്കുമുള്ള നോൺസ്റ്റോപ്പ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ. യാത്രാസമയം അഞ്ച് മണിക്കൂർ വരെ കുറയും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ ന്യൂയോർക്കിലേക്കുള്ള നോൺസ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ. നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് ഇടത്താവളങ്ങളിലെ കാത്തിരിപ്പും കണക്ഷൻ വിമാനങ്ങൾ മാറിക്കയറുന്നതിനുള്ള സമയനഷ്ടവും ഒഴിവാക്കാനാകും.
ഇതിന് മുമ്പ് പാകിസ്ഥാൻ വ്യോമപാത അടച്ചതും പശ്ചിമേഷ്യയിലെ ചില വ്യോമപാതകളിലെ നിയന്ത്രണങ്ങളുമാണ് വിമാനങ്ങളുടെ യാത്രാപാത മാറ്റാൻ എയർ ഇന്ത്യയെ നിർബന്ധിതരാക്കിയത്. ഇതേത്തുടർന്ന് റോം വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി സാങ്കേതിക ഇടത്താവളം ഏർപ്പെടുത്തിയിരുന്നു. ഇതോടെ യാത്രാസമയം ഏകദേശം 22 മണിക്കൂറായി വർധിച്ചിരുന്നു.
വ്യോമപാതാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇറാഖ് വ്യോമപാത ഉപയോഗിച്ച് നേരിട്ടുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനായതാണ് നിർണായകമായത്. ഇതോടെ യാത്രാസമയം ഏകദേശം 17 മണിക്കൂറായി കുറയും. പരമാവധി അഞ്ച് മണിക്കൂർ വരെ യാത്രക്കാർക്ക് ലാഭിക്കാനാകും.
നാല് പ്രധാന സർവീസുകൾ
ഡൽഹി–ന്യൂയോർക്ക് (JFK): ദിവസേന ഒരു സർവീസ്.
മുംബൈ–ന്യൂയോർക്ക് (JFK): ദിവസേന ഒരു സർവീസ്.
ഡൽഹി–ന്യൂവാർക്ക് (EWR): ആഴ്ചയിൽ നാല് സർവീസുകൾ.
മുംബൈ–ന്യൂവാർക്ക് (EWR): ആഴ്ചയിൽ മൂന്ന് സർവീസുകൾ.
ഡൽഹിയിൽ നിന്നുള്ള സർവീസുകൾ എയർബസ് A350-900 വിമാനങ്ങളിലാണ്. മുംബൈയിൽ നിന്നുള്ള സർവീസുകൾ ബോയിങ് 777-300ER വിമാനങ്ങളിലുമാണ് നടത്തുന്നത്.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ബിസിനസ്, വിദ്യാഭ്യാസം, കുടുംബസന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. ഇടത്താവളങ്ങളിലെ കാത്തിരിപ്പ് ഒഴിവാകുന്നതോടെ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാനാകും.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


