ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുഗു ചിത്രം ‘ആകാശംലോ ഒക താര’ നാളെ (നവംബർ 20) ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. തെലുഗു, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ നവംബർ 19ന് പെയ്ഡ് പ്രീമിയർ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ബുക്കിങ് ലഭ്യമാണ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.
ദുൽഖറിനൊപ്പം സാത്വിക വീരവള്ളി, ശ്രുതി ഹാസൻ, റുഹാനി ശർമ, മുരളി ശർമ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖമായ സാത്വിക വീരവള്ളിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ലൈറ്റ്‌ബോക്സ് മീഡിയ, ഗീത ആർട്സ്, സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നീ ബാനറുകളാണ് ചിത്രത്തിന്റെ നിർമാണത്തിന് പിന്നിൽ. ഒരു പെൺകുട്ടിയുടെ ബഹിരാകാശ സഞ്ചാരിയാകണമെന്ന സ്വപ്നവും അതിലേക്കുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
ദുൽഖറിന്റെ തെലുഗു ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെയാണ് റിലീസിന് മുന്നോടിയായി പ്രീമിയർ പ്രദർശനങ്ങളും അഡ്വാൻസ് ബുക്കിങ്ങും സജീവമാകുന്നത്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


