Sunday, November 29, 2026
HomeKERALAഅരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 13 പ്രതികൾ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 13 പ്രതികൾ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും എറണാകുളം പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. 13 പ്രതികൾ കുറ്റക്കാർ; 18 പേർ കുറ്റവിമുക്തർ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. 18 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.

ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ (32-ാം പ്രതി), മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി. രാജേഷ് (33-ാം പ്രതി) എന്നിവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി കണ്ടെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു.

2012 ഫെബ്രുവരി 20നാണ് മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കണ്ണൂർ കണ്ണപുരം വള്ളുവൻകടവിന് സമീപം വെച്ചായിരുന്നു ആക്രമണം. 24 വയസ്സായിരുന്നു ഷുക്കൂറിന്.

അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടന്ന സംഭവമായിരുന്നു കൊലപാതകം. ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 315-ാം നമ്പർ മുറിയിൽ വെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.ബി.ഐയുടെ പ്രധാന ആരോപണം.

ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയെത്തുടർന്നാണ് ഹൈക്കോടതി കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. 2019 ഫെബ്രുവരിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പേർ വിചാരണയ്ക്കിടെ മരിച്ചു.

ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച കേസിൽ 14 വർഷത്തോളം നീണ്ട നടപടികൾക്കൊടുവിലാണ് നിർണായക വിധി വന്നിരിക്കുന്നത്..

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments