Sunday, November 29, 2026
HomeINDIAവാഹന ഉടമകൾക്ക് ആശ്വാസം; പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി പുതുക്കി കേന്ദ്ര സർക്കാർ, പുതിയ നിയമം...

വാഹന ഉടമകൾക്ക് ആശ്വാസം; പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി പുതുക്കി കേന്ദ്ര സർക്കാർ, പുതിയ നിയമം നിലവിൽ

വാഹനങ്ങളുടെ പ്രായവും BS നിലവാരവും അനുസരിച്ച് പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. പുതിയ PUC നിയമങ്ങളും കാലാവധിയും അറിയാം.

ന്യൂഡൽഹി: വാഹന ഉടമകൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ (PUC – Pollution Under Control) പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി വാഹനത്തിന്റെ പ്രായവും മലിനീകരണ മാനദണ്ഡവും അനുസരിച്ച് പരിഷ്കരിച്ചു. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

പുതിയ നിയമപ്രകാരം ഭാരത് സ്റ്റേജ്–VI (BS-VI) നിലവാരത്തിലുള്ള പുതിയ സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഇതോടെ ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് ഇടയ്ക്കിടെ പുക പരിശോധന നടത്തേണ്ട ബാധ്യത കുറയും.

പുതുക്കിയ സർട്ടിഫിക്കറ്റ് കാലാവധി ഇങ്ങനെ:
* BS-I, BS-II, BS-III വാഹനങ്ങൾ: മൂന്ന് മാസം.
* BS-IV വാഹനങ്ങൾ: ആറു മാസം.
* BS-VI സ്വകാര്യ വാഹനങ്ങൾ (ആദ്യ രജിസ്ട്രേഷൻ മുതൽ):
* ആറു വർഷം വരെ: മൂന്ന് വർഷം.
* ആറു വർഷത്തിന് മുകളിൽ, 10 വർഷം വരെ: ഒരു വർഷം.
* 10 വർഷത്തിന് മുകളിൽ: ആറു മാസം
* BS-VI ട്രാൻസ്പോർട്ട് വാഹനങ്ങൾ:
* ആറു വർഷം വരെ: രണ്ടു വർഷം.
* ആറു വർഷത്തിന് മുകളിൽ, 10 വർഷം വരെ: ഒരു വർഷം.
* 10 വർഷത്തിന് മുകളിൽ: ആറു മാസം.

നിലവിലുള്ള സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിക്കും?

പുതിയ നിയമം നിലവിൽ വരുന്നതിന് മുമ്പ് നൽകിയിട്ടുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റുകളുടെ കാലാവധി ഉടൻ മാറില്ല. നിലവിലുള്ള സർട്ടിഫിക്കറ്റ് ആദ്യമായി പുതുക്കുന്ന സമയത്താണ് പുതിയ കാലാവധി ബാധകമാകുക.

സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 10 ദിവസത്തിനുള്ളിൽ പുതുക്കലിന് അപേക്ഷിച്ചാൽ പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി പഴയ സർട്ടിഫിക്കറ്റ് അവസാനിക്കുന്ന തീയതി മുതൽ കണക്കാക്കും. കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ പുതുക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ പ്രാബല്യം.

1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള Central Motor Vehicles (Sixteenth Amendment) Rules, 2026 പ്രകാരമാണ് പുതിയ മാറ്റങ്ങൾ. നവംബർ 13-ന് വിജ്ഞാപനം ചെയ്ത ഭേദഗതി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു.

വാഹനങ്ങളുടെ മലിനീകരണ പരിശോധനയുടെ ആവൃത്തി അവയുടെ പ്രായത്തിനും മലിനീകരണ നിലവാരത്തിനും അനുസൃതമാക്കുകയും പുതിയതും കുറഞ്ഞ മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങളുടെ ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments