ഫോഴ്‌സ കൊച്ചിയെ വീഴ്ത്തി വാരിയേഴ്‌സ് സെമി പ്രതീക്ഷ കാത്തു.
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ നിർണായക മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്.സിയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കണ്ണൂരിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ജോബിൻ ജോസഫ് നേടിയ ഗോളാണ് കണ്ണൂരിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്.
ഗോൾരഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ 90-ാം മിനിറ്റിലാണ് കണ്ണൂർ വിജയഗോൾ നേടിയത്. ബോക്സിലേക്ക് ഉയർന്ന ഫ്രീകിക്കിൽ തലവെച്ച ജോബിൻ ജോസഫ് പന്ത് വലയിലെത്തിക്കുകയായിരുന്നു. അവസാന നിമിഷത്തെ ഈ ഗോൾ കൊച്ചി ആരാധകരെ നിരാശരാക്കിയപ്പോൾ കണ്ണൂർ ക്യാമ്പിൽ വിജയാഹ്ലാദം ഉയർന്നു.
പന്തടക്കത്തിൽ ഫോഴ്‌സ കൊച്ചിക്കായിരുന്നു മുൻതൂക്കം. 57 ശതമാനം പന്തടക്കം നേടിയ കൊച്ചി എട്ട് ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കണ്ണൂർ ഏഴ് ഷോട്ടുകൾ ഉതിർത്തതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് പായിച്ചു.
ഈ വിജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കണ്ണൂർ വാരിയേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. 13 പോയിന്റുമായി ഫോഴ്‌സ കൊച്ചി മൂന്നാം സ്ഥാനത്ത് തുടരുന്നു. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ കണ്ണൂരിന് ഈ വിജയം നിർണായകമായി.
നവംബർ 25-ന് സ്വന്തം തട്ടകമായ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ മലപ്പുറം എഫ്.സിയാണ് കണ്ണൂരിന്റെ എതിരാളികൾ. നവംബർ 26-ന് കാലിക്കറ്റ് എഫ്.സിക്കെതിരെയാണ് ഫോഴ്‌സ കൊച്ചിയുടെ അവസാന മത്സരം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


