മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ ഇന്ത്യ സഖ്യ യോഗം ഇന്ന്. ബില്ലിനെ ശക്തമായി എതിർക്കാൻ കോണ്ഗ്രസ്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്. രാവിലെ 11.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം.
ബില്ലിനെ സർവശക്തിയുമെടുത്ത് എതിർക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു. നിലവിലെ ലോക്സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നും മണ്ഡല പുനർനിർണയം വഴി സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ മാറ്റമുണ്ടാക്കരുതെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.
ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് സംയുക്ത നിലപാട് രൂപീകരിക്കുകയാണ് ലക്ഷ്യം.
മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയും ശക്തമാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വിഷയം ഉയർന്നുവരാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബില്ലിനെതിരെ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സംയുക്ത പ്രതിഷേധവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


