ദോഹ ഭവൻസ് പബ്ലിക് സ്കൂളിന്റെ മസൈമീറിലെ പുതിയ അത്യാധുനിക ക്യാമ്പസ് നവംബർ 26-ന് ഉദ്ഘാടനം ചെയ്തു. 2,700 വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കുന്ന ക്യാമ്പസിൽ വിപുലമായ സൗകര്യങ്ങൾ.

ദോഹ: ഭവൻസ് പബ്ലിക് സ്കൂൾ ദോഹയുടെ പുതിയ ക്യാമ്പസ് കെട്ടിടം മസൈമീറിൽ നവംബർ 26 വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായ ചടങ്ങിൽ വിദ്യാഭ്യാസ, ഭരണ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
മിസ്നാദ് കുടുംബത്തെ പ്രതിനിധീകരിച്ച് ഹിസ് എക്സലൻസി മുഹമ്മദ് ബിൻ ഖാലിദ് ബിൻ നാസർ അൽ മിസ്നാദ് , ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഒമർ അബ്ദുൽ അസീസ് അൽ നാമ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി, എബിഎൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്യാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ ഹസ്സൻ ഖലീഫ സൽമിനും ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരും പങ്കെടുത്തു.

2026 ജനുവരി മുതൽ പ്രവർത്തനമാരംഭിച്ച പുതിയ ക്യാമ്പസ് വിദ്യാർഥികൾക്ക് വിശാലവും ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. അക്കാദമിക മികവിനൊപ്പം വിദ്യാർഥികളുടെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ക്യാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്.
2010-ൽ സ്ഥാപിതമായ ഭവൻസ് പബ്ലിക് സ്കൂൾ അൽ മിസ്നാദ് എജ്യുക്കേഷൻ സെന്ററിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഭാരതീയ വിദ്യാഭവൻ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായ സ്കൂൾ ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സിബിഎസ്ഇ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. 13 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 2,700 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. എൽ.കെ.ജി മുതൽ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തിൽ 145 അധ്യാപകരുൾപ്പെടെ 255 ജീവനക്കാരുണ്ട്.
19,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പുതിയ ക്യാമ്പസിന് ഏകദേശം 26,000 ചതുരശ്ര മീറ്റർ നിർമിത വിസ്തൃതിയുണ്ട്. വിശാലമായ ക്ലാസ് മുറികൾ, ആധുനിക സയൻസ്-കമ്പ്യൂട്ടർ ലബോറട്ടറികൾ, വിപുലമായ ലൈബ്രറി, 750-ലധികം പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, നീന്തൽക്കുളം, ഔട്ട്ഡോർ കളിസ്ഥലങ്ങൾ, ബഹുനില പാർക്കിങ് സൗകര്യം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ചടങ്ങിൽ സംസാരിച്ച ജെ.കെ. മേനോൻ, പിതാവും എബിഎൻ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ അന്തരിച്ച പത്മശ്രീ അഡ്വ. സി.കെ. മേനോന്റെ സംഭാവനകൾ അനുസ്മരിച്ചു. ഖത്തറിലെ ഭവൻസിന്റെ വിദ്യാഭ്യാസ സംരംഭത്തിന് അടിത്തറയിട്ടത് പിതാവിന്റെ ദീർഘവീക്ഷണവും വിദ്യാഭ്യാസ-സാമൂഹിക സേവന രംഗങ്ങളിലെ പ്രതിബദ്ധതയുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ സി.കെ. മേനോൻ നൽകിയ സംഭാവനകളും അദ്ദേഹം സ്മരിച്ചു. 2006-ൽ പ്രവാസി ഭാരതീയ സമ്മാനും 2009-ൽ പത്മശ്രീ പുരസ്കാരവും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.
സ്ഥാപനത്തിന്റെ വളർച്ചയിൽ മിസ്നാദ് കുടുംബം നൽകിയ പിന്തുണയ്ക്കും ദീർഘകാല സഹകരണത്തിനും ജെ.കെ. മേനോൻ നന്ദി അറിയിച്ചു. സ്ഥാപനത്തിന്റെ ചീഫ് പാട്രൺ ഹിസ് എക്സലൻസി അലി ബിൻ നാസർ അൽ മിസ്നദ്, പാട്രൺ ഹിസ് എക്സലൻസി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് എന്നിവരുടെ പിന്തുണ പ്രത്യേകം പരാമർശിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ്, സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ സമർപ്പണത്തെയും പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ഭവൻസ് പബ്ലിക് സ്കൂളിന്റെ വളർച്ചയിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ്. ഖത്തറിലെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള സംഭാവനകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളും അവസരങ്ങളും നേരിടാൻ പ്രാപ്തരായ പുതുതലമുറയെ വാർത്തെടുക്കുകയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


