
ദോഹ: കൊളംബിയയിലെ മെഡെലിനിൽ നടന്ന ഹൊറാസിസ് ഗ്ലോബൽ സമ്മിറ്റ് 2026-ൽ പ്രഭാഷകനായി പങ്കെടുത്ത് ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം. നവംബർ 10 മുതൽ 13 വരെ നടന്ന ആഗോള ഉച്ചകോടിയിൽ 53 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബിസിനസ് നേതാക്കളും നയരൂപീകരണ വിദഗ്ധരും സംരംഭകരും അക്കാദമിക് രംഗത്തെ പ്രമുഖരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
‘ബിൽഡിങ് ടുമാറോ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള സാമ്പത്തിക മാറ്റങ്ങൾ, സാങ്കേതിക മുന്നേറ്റം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. നവംബർ 12-ന് നടന്ന ‘ദി പോളിമാത്ത് ലീഡർ ഇൻ എ വേൾഡ് ഓഫ് ഡിസ്ട്രിബ്യൂട്ടഡ് ഇന്റലിജൻസ്’ എന്ന പ്രത്യേക പാനൽ ചർച്ചയിലാണ് താഹ മുഹമ്മദ് അബ്ദുൽ കരീം ആശയങ്ങൾ പങ്കുവെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിവിധ മേഖലകളിലെ വിദഗ്ധ അറിവിന്റെയും സ്വാധീനത്തിൽ നേതൃത്വത്തിന്റെ സ്വഭാവം എങ്ങനെ മാറുന്നുവെന്നതായിരുന്നു ചർച്ചയുടെ പ്രധാന വിഷയം. അറിവ് സമ്പാദിക്കുന്നതിലുപരി വ്യത്യസ്ത മേഖലകളിലെ അറിവുകളെയും കാഴ്ചപ്പാടുകളെയും ഏകോപിപ്പിച്ച് പ്രായോഗികമായ തീരുമാനങ്ങളിലേക്ക് എത്തിക്കാനുള്ള കഴിവാണ് ഭാവിയിലെ നേതൃത്വത്തിന് അനിവാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വിഷയങ്ങളിലും അറിവുള്ള വ്യക്തിയല്ല യഥാർഥ പോളിമാത്ത് നേതാവെന്നും, തിരഞ്ഞെടുത്ത മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനൊപ്പം വിവിധ മേഖലകളിലെ അറിവും ആശയങ്ങളും പരസ്പരം ബന്ധിപ്പിക്കാൻ കഴിവുള്ളയാളാണെന്നും അദ്ദേഹം വിശദീകരിച്ചു. അറിവിനെ പരസ്പരം ബന്ധിപ്പിക്കാനുള്ള കഴിവ്, കേവലം അറിവ് കൈവശം വയ്ക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ വിശകലനശേഷി വർധിപ്പിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയ്ക്ക് മനുഷ്യന്റെ വിവേചനബുദ്ധി, ധാർമിക ഉത്തരവാദിത്തം, വിശ്വാസം എന്നിവയ്ക്ക് പകരമാകാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക പരിജ്ഞാനം, വിവിധ വിഷയങ്ങളിലുള്ള കാഴ്ചപ്പാട്, വൈകാരിക ബുദ്ധി, ശക്തമായ സ്ഥാപനമൂല്യങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള നേതൃത്വരീതിയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വത്ത്നാൻ ഹോൾഡിങ്ങിന്റെ ചീഫ് സ്ട്രാറ്റജിക് അഡ്വൈസർ കൂടിയായ താഹ മുഹമ്മദ് അബ്ദുൽ കരീമിന്റെ പങ്കാളിത്തം ഖത്തറിന്റെ മാറിവരുന്ന ബിസിനസ് അന്തരീക്ഷത്തിൽ നിന്നുള്ള കാഴ്ചപ്പാടുകൾ ആഗോള വേദിയിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി. ഇന്ത്യൻ ബിസിനസ് സമൂഹവും ഖത്തറിന്റെ വിശാലമായ സാമ്പത്തിക മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.
ഡോ. ഫ്രാങ്ക്-യുർഗൻ റിച്ചർ സ്ഥാപിച്ച ഹൊറാസിസ് ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെയും മേഖലകളിലെയും നേതാക്കളെ ഒരുമിപ്പിച്ച് ബിസിനസ്, സമൂഹം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയുടെ ഭാവിയെക്കുറിച്ച് സംവാദങ്ങൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


