എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി നിയമിച്ചതും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതുമടക്കമുള്ള തീരുമാനങ്ങളില്‍ അടൂർ പ്രകാശിന് അതൃപ്തി
അടൂര്‍ പ്രകാശിന്റെ നീക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനകത്ത് വേണ്ടത്ര പിന്തുണയില്ല
വിഷയം പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉന്നയിച്ച പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കും. ഡൽഹിയിലെത്തുന്ന അടൂർ പ്രകാശ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് തന്റെ പരാതികൾ രേഖാമൂലം കൈമാറുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കാണാനും അദ്ദേഹം ശ്രമിക്കും.
പാർട്ടിയുമായും യു.ഡി.എഫുമായും ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. മുന്നണി കൺവീനർ എന്ന നിലയിൽ പല സുപ്രധാന കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്നും ചർച്ചകൾ നടക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം നേരത്തെ പരസ്യമായി ആരോപിച്ചിരുന്നു.
സെപ്റ്റംബർ 30ന് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി നിയമിച്ചതും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതുമടക്കമുള്ള തീരുമാനങ്ങളാണ് അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് പശ്ചാത്തലമായത്. ഇത്തരം തീരുമാനങ്ങളെക്കുറിച്ച് മുന്നണി കൺവീനർ എന്ന നിലയിൽ തന്നെ ആവശ്യമായ രീതിയിൽ ബന്ധപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഇന്ന് ഡൽഹിയിലെത്തും. പി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ യാത്ര. കേരളത്തിലെ പാർട്ടി സംഘടനാ വിഷയങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അടൂർ പ്രകാശിന്റെ പരാതിയിൽ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിൽനിന്നുള്ള വിശദീകരണവും ഹൈക്കമാൻഡ് തേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടും പരിഗണനയിലെത്താൻ സാധ്യതയുണ്ട്.
അതേസമയം, അടൂർ പ്രകാശിന്റെ വിമർശനങ്ങളെ പാർട്ടിക്കുള്ളിൽ എല്ലാവരും ഒരേ നിലപാടോടെ കാണുന്നില്ല. വിഷയം പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടുന്നതിനുള്ള സാഹചര്യം ഇതോടെ ശക്തമായിരിക്കുകയാണ്.


