മത്സരം നടന്നത് ഇന്ന് വെളുപ്പിന് 03:30ന് അമേരിക്കയിലെ ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ബ്രസീൽ ഹെയ്തിയെ 3-0ന് പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഫിലഡൽഫിയയിൽ നടന്ന മത്സരത്തിൽ കാർലോ ആൻസലോട്ടിയുടെ ടീം ആദ്യ പകുതിയിലേ വിജയത്തിന്റെ അടിത്തറ പാകി.മത്സരത്തിന്റെ 23-ാം മിനിറ്റിൽ മാത്യുസ് കുന്യയാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. വിനീഷ്യസ് ജൂനിയറിന്റെ ശ്രമത്തിൽ നിന്നുണ്ടായ റീബൗണ്ടാണ് കുന്യ വലയിലെത്തിച്ചത്. 36-ാം മിനിറ്റിൽ മനോഹരമായ വ്യക്തിഗത മുന്നേറ്റത്തിലൂടെ കുന്യ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ അധികസമയത്ത് വിനീഷ്യസ് ജൂനിയർ മൂന്നാം ഗോൾ നേടി ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയിൽ ബ്രസീൽ ആക്രമണത്തിന്റെ വേഗം കുറച്ച് കളി നിയന്ത്രിച്ചപ്പോൾ ഹെയ്തി ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ആലിസന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഹെയ്തിയുടെ എല്ലാ ശ്രമങ്ങളും തടഞ്ഞു.ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 സമനില വഴങ്ങിയ ബ്രസീലിന് ഈ വിജയം നിർണായകമായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ പോരാട്ടം.



