സ്വന്തം ഇഷ്ടപ്രകാരം സസ്യാഹാരം കഴിക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്നും എന്നാൽ തന്റെ വ്യക്തിപരമായ ഭക്ഷണരീതി മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി
തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മത്സ്യവും മാംസവും പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘപരിവാറിന്റെ കാവി അജണ്ടയുടെ തുടക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ സാമൂഹിക സാഹചര്യവും ഭക്ഷണസംസ്കാരവും മനസ്സിലാക്കും മുൻപേ ഗവർണർ ഇത്തരമൊരു നിർദേശം നൽകിയതിനെ വേണുഗോപാൽ ചോദ്യം ചെയ്തു. ഗവർണർ ചുമതലയേൽക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ലോക്ഭവന്റെ അടുക്കളയിൽ മത്സ്യവും മാംസവും പാചകം ചെയ്യരുതെന്ന നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
വൈവിധ്യമാർന്ന ഭക്ഷണസംസ്കാരമുള്ള നാടാണ് കേരളമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. മലയാളികൾക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനും പാചകം ചെയ്യാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തികളുടെ ഭക്ഷണരീതിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം സസ്യാഹാരം കഴിക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്നും എന്നാൽ തന്റെ വ്യക്തിപരമായ ഭക്ഷണരീതി മറ്റുള്ളവരിലും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണഘടനാ പദവിയിലുള്ള ഗവർണർക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭക്ഷണത്തിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളും ദാദ്രി ഉൾപ്പെടെയുള്ള സംഭവങ്ങളും ചൂണ്ടിക്കാട്ടിയ വേണുഗോപാൽ, ഭക്ഷണത്തെ മുൻനിർത്തിയുള്ള വിദ്വേഷപ്രചാരണങ്ങൾ രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു. ലോക്ഭവനിൽനിന്ന് ആരംഭിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ ക്രമേണ മറ്റു മേഖലകളിലേക്കും വ്യാപിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
അതേസമയം, ലോക്ഭവനിലെ അടുക്കളയിൽനിന്ന് ഭക്ഷണം ലഭിക്കുന്നത് ഗവർണർക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ചിലർക്കുമാണെന്നും മറ്റ് ജീവനക്കാർക്ക് വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനോ പുറത്തുനിന്ന് കഴിക്കുന്നതിനോ നിയന്ത്രണമില്ലെന്നുമാണ് ലോക്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗവർണറുടെ വ്യക്തിപരമായ ഭക്ഷണശീലവുമായി ബന്ധപ്പെട്ടാണ് അടുക്കളയിൽ സസ്യാഹാരം മാത്രം പാചകം ചെയ്യാനുള്ള നിർദേശമെന്നാണ് വിശദീകരണം.
എന്നാൽ, ലോക്ഭവന്റെ അടുക്കളയിൽനിന്ന് അതിഥികൾക്കും ഉദ്യോഗസ്ഥർക്കും നൽകുന്ന ഭക്ഷണത്തിൽ മത്സ്യവും മാംസവും ഒഴിവാക്കാനുള്ള തീരുമാനം വ്യക്തികളുടെ ഭക്ഷണസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


