കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ. അക്രമം അംഗീകരിക്കില്ലെന്നും മന്ത്രി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. എന്നാൽ അക്രമവും സർവകലാശാലയിലെ അച്ചടക്കലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ വിദ്യാർഥി സമരത്തിനിടെയുണ്ടായ സംഭവങ്ങളെത്തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ നിയമപോരാട്ടം തുടരുകയാണ്.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. സസ്പെൻഷൻ സംബന്ധിച്ച ഹർജി ഹൈക്കോടതി വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാലയും കോടതിയെ അറിയിച്ചിട്ടുണ്ട്.
Malayaladhwani.com | The Global Voice of Kerala മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


