തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ ആവേശപ്പോരാട്ടത്തിന് ഇന്ന് ശക്തന്റെ മണ്ണ് സാക്ഷിയാകും. കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക് എഫ്സിയും നേർക്കുനേർ എത്തുമ്പോൾ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. സ്വന്തം തട്ടകത്തിന്റെ പിന്തുണയോടെ ഇറങ്ങുന്ന തൃശൂർ മാജിക്കിനെ അവരുടെ മണ്ണിൽ നേരിടാനാണ് കണ്ണൂർ വാരിയേഴ്സ് ഒരുങ്ങുന്നത്.
സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിടുന്ന കണ്ണൂർ വാരിയേഴ്സിന് ഇന്നത്തെ മത്സരം തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവ് പുലർത്തി തൃശൂരിന്റെ വെല്ലുവിളി അതിജീവിക്കാനാകും ടീമിന്റെ ശ്രമം.
“വിജയത്തിലേക്കുള്ള യാത്രയിൽ ആത്മവിശ്വാസത്തോടെ”മിബു ജോസ്

“തൃശൂരിൽ നടക്കുന്ന ഇന്നത്തെ മത്സരം കണ്ണൂർ വാരിയേഴ്സിന് മറ്റൊരു നിർണായക പരീക്ഷണമാണ്. മികച്ച പരിശീലനവും കഠിനാധ്വാനവും ഒത്തൊരുമയും ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. എതിരാളികളെ ബഹുമാനിച്ചുകൊണ്ട് സ്വന്തം കഴിവിൽ വിശ്വസിച്ച് കളത്തിലിറങ്ങുന്ന നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരാധകരുടെ സ്നേഹവും പിന്തുണയും ടീമിന് വലിയ പ്രചോദനമാണ്”. ഖത്തറിൽ വ്യവസായിയായ കണ്ണൂർ വാരിയേഴ്സ് എഫ്സി ഡയറക്ടർ,മിബു ജോസ് മലയാളധ്വനിയോട് പറഞ്ഞു
ആരാധകരുടെ വലിയ പ്രതീക്ഷകൾക്കിടയിൽ വാരിയേഴ്സ് വിജയത്തിനായി കളത്തിലിറങ്ങുമ്പോൾ തൃശൂർ മാജിക്കും സ്വന്തം കാണികൾക്ക് മുന്നിൽ വിജയം നേടാനുള്ള ഒരുക്കത്തിലാണ്. ഇരു ടീമുകളും മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്നതോടെ മത്സരം ആവേശകരമാകുമെന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ.
“ആരാധകരുടെ ആവേശമാണ് ഞങ്ങളുടെ ഊർജം”കെ എം വർഗീസ്

“ഒരു ഫുട്ബോൾ ടീമിന്റെ കരുത്ത് കളിക്കളത്തിലെ പ്രകടനത്തിൽ മാത്രമല്ല, ടീമിനൊപ്പം ഉറച്ചുനിൽക്കുന്ന ആരാധകരുടെ പിന്തുണയിലുമാണ്. കണ്ണൂർ വാരിയേഴ്സിന് എന്നും വലിയ ആത്മവിശ്വാസം നൽകുന്നത് ആരാധകരുടെ ഈ സ്നേഹമാണ്. തൃശൂർ മാജിക്കിനെതിരായ മത്സരത്തിൽ നമ്മുടെ താരങ്ങൾ പോരാട്ടവീര്യവും അച്ചടക്കവും പ്രകടിപ്പിക്കട്ടെ. ജയപരാജയങ്ങൾക്കപ്പുറം ടീമിനൊപ്പം നിൽക്കുന്ന എല്ലാ ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി” ഖത്തറിൽ വ്യവസായിയായ കണ്ണൂർ വാരിയേഴ്സ് എഫ്സി ഡയറക്ടർ, കെ എം വർഗീസ് മലയാളധ്വനിയോട് പറഞ്ഞു.
“ഓരോ മത്സരവും പുതിയൊരു ചരിത്രത്തിലേക്കുള്ള ചുവടുവെപ്പ്” EP അബ്ദുറഹിമാൻ

കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടർ
“കണ്ണൂർ വാരിയേഴ്സ് എന്നത് ഒരു ഫുട്ബോൾ ക്ലബ് മാത്രമല്ല, ആയിരക്കണക്കിന് ആരാധകരുടെ പ്രതീക്ഷയും അഭിമാനവുമാണ്. ഇന്നത്തെ മത്സരത്തിൽ തൃശൂർ മാജിക്കിനെ നേരിടുമ്പോൾ ടീമിന്റെ കൂട്ടായ്മയും പോരാട്ടവീര്യവും ഒരിക്കൽ കൂടി തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ കളിക്കാരനും തന്റെ ഉത്തരവാദിത്വം പൂർണമായി നിർവഹിക്കട്ടെ. വിജയത്തിലേക്കുള്ള ഈ യാത്രയിൽ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.”ഇന്ത്യൻ സ്പോർട്സ് സെന്റർ ഖത്തർ(ISC) പ്രസിഡണ്ടും ഖത്തറിൽ വ്യവസായിയുമായ കണ്ണൂർ വാരിയേഴ്സ് എഫ്സി ഡയറക്ടർ EP അബ്ദുറഹിമാൻ മലയാളധ്വനിയോട് പറഞ്ഞു.
ശക്തന്റെ മണ്ണിൽ വാരിയേഴ്സിന്റെ പോരാട്ടവീര്യം എത്രത്തോളം ഫലം കാണുമെന്നറിയാൻ ഇനി കളിക്കളത്തിലെ വിസിൽ മുഴങ്ങണം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


