Sunday, November 29, 2026
HomeKERALAഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാൻ, കെ.ആർ. ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാൻ, കെ.ആർ. ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തര, ധനകാര്യ, ആരോഗ്യം, വൈദ്യുതി, വ്യവസായം തുടങ്ങി സുപ്രധാന വകുപ്പുകളിൽ മാറ്റങ്ങൾ വരുത്തി 35 ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്.

കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. നിലവിൽ കായിക, യുവജനകാര്യ വകുപ്പുകളുടെ ചുമതലയും എൻ. പ്രശാന്തിനുണ്ട്. രാജമാണിക്യത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, ഭവനനിർമാണം, കയർ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മിൻഹാജ് ആലമിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. നികുതി, പബ്ലിക് പ്രൊക്യുർമെന്റ് അഡ്വൈസറി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് തുടങ്ങിയവയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.

ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പുനീത് കുമാറിനെ വൈദ്യുതി വകുപ്പിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന്റെ ചുമതലയിൽ നിന്ന് മുഹമ്മദ് ഹനീഷിനെ മാറ്റി പകരം നിയമിച്ചു. ആരോഗ്യവകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിലേക്ക് മാറ്റി.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. എം. ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ടി.വി. അനുപമയ്ക്ക് ധനകാര്യ (എക്സ്പെൻഡിച്ചർ) വകുപ്പിന്റെ ചുമതല നൽകി. കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടറായി ടി.വി. സുഭാഷിനെയും ജിഎസ്ടി കമ്മീഷണറായി ജാഫർ മാലിക്കിനെയും നിയമിച്ചു.

മിൽമ മാനേജിങ് ഡയറക്ടറായി അഫ്സാന പർവീണിനെയും ടൂറിസം ഡയറക്ടറായി അനു കുമാരിയെയും നിയമിച്ചിട്ടുണ്ട്. പി.ബി. നൂഹിനെ തൊഴിൽ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും എസ്. സുഹാസിനെ ഐടി വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു.

ഭരണത്തിന്റെ വിവിധ സുപ്രധാന മേഖലകളിൽ ഒരേസമയം മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ ഉത്തരവ്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments