ബിൽ പാസാക്കിയതോടെ ഒമ്പത് ദിവസത്തെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ ഏകകണ്ഠമായി പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. 2018-നുശേഷം എട്ടു വർഷത്തെ ഇടവേളയിലാണ് ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിർപ്പില്ലാതെയാണ് വ്യാഴാഴ്ച ബിൽ പാസാക്കിയത്.
പുതിയ പരിഷ്കാരം അനുസരിച്ച് എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആനുകൂല്യങ്ങൾ ഏകദേശം 1.08 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയിലേക്കും ഉയരും. നവംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
എംഎൽഎമാരുടെ മണ്ഡല അലവൻസ്, യാത്രാബത്ത, സ്ഥിരബത്ത, വിവരബത്ത, മറ്റു ചെലവുകൾക്കുള്ള അലവൻസ് എന്നിവയിലാണ് പ്രധാനമായും വർദ്ധന വരുത്തിയിരിക്കുന്നത്. എംഎൽഎമാരുടെ മണ്ഡല അലവൻസ് 25,000 രൂപയിൽനിന്ന് 35,000 രൂപയായും യാത്രാബത്ത 20,000 രൂപയിൽനിന്ന് 30,000 രൂപയായും ഉയരും. സ്ഥിരബത്ത 2,000 രൂപയിൽനിന്ന് 4,000 രൂപയായും വിവരബത്ത 4,000 രൂപയിൽനിന്ന് 5,000 രൂപയായും വർദ്ധിപ്പിക്കും. ടെലിഫോൺ അലവൻസിൽ മാറ്റമില്ല.
മന്ത്രിമാരുടെ മണ്ഡല അലവൻസ് 40,000 രൂപയിൽനിന്ന് 45,000 രൂപയായും യാത്രാസംബന്ധമായ കൺവേയൻസ് അലവൻസ് 17,000 രൂപയിൽനിന്ന് 25,000 രൂപയായും ഉയർത്തും. അടിസ്ഥാന ശമ്പളവും 2,000 രൂപയിൽനിന്ന് 3,000 രൂപയായി വർധിപ്പിക്കും. യാത്രാബത്ത, ദിനബത്ത തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനയുണ്ട്.
മുൻ എംഎൽഎമാരുടെ പെൻഷനിലും മാറ്റം വരുത്തിയിട്ടുണ്ട്. കുറഞ്ഞ പെൻഷൻ 8,000 രൂപയിൽനിന്ന് 10,000 രൂപയായി ഉയരും. നിയമസഭാംഗമായി സേവനമനുഷ്ഠിച്ച കാലയളവിന് അനുസരിച്ച് പെൻഷൻ തുക വർധിക്കും. അഞ്ചുവർഷത്തിലധികം എംഎൽഎയായിരുന്നവർക്ക് അധികമായി സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും 1,500 രൂപ വീതം അധിക പെൻഷൻ ലഭിക്കുന്ന രീതിയിലാണ് പരിഷ്കാരം. 70 വയസ് പൂർത്തിയാകുമ്പോൾ 4,000 രൂപയും 80 വയസ് കഴിയുമ്പോൾ 5,000 രൂപയും അധികമായി ലഭിക്കും. പരമാവധി പെൻഷൻ 60,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ശമ്പള വർദ്ധനയ്ക്കു പുറമേ വാഹനവായ്പയുടെയും ഭവനവായ്പയുടെയും പരിധിയും ഉയർത്തിയിട്ടുണ്ട്. പലിശരഹിത വാഹനവായ്പ 10 ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായും കുറഞ്ഞ പലിശയിലുള്ള ഭവനവായ്പ 20 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായും വർദ്ധി പ്പിക്കും. അപകട ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയാക്കാനും വ്യവസ്ഥയുണ്ട്.
ജീവിതച്ചെലവും ഇന്ധനവിലയും യാത്രാച്ചെലവുകളും വർധിച്ച സാഹചര്യത്തിലാണ് ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ലഭിച്ചിരുന്നു.
ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്നതിലൂടെ സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. ശമ്പള-പെൻഷൻ വർധന മാത്രം കണക്കിലെടുത്താൽ പ്രതിവർഷം ഏകദേശം 6.91 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് റിപ്പോർട്ട്. യാത്രാ ആനുകൂല്യങ്ങൾ, വായ്പാ പരിധിയിലെ വർധന, ഇൻഷുറൻസ് തുടങ്ങിയവ മൂലമുള്ള അധിക ചെലവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ശമ്പളപരിഷ്കരണ ബിൽ തർക്കങ്ങളില്ലാതെ പാസാക്കിയതിനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിനന്ദിച്ചു. എംഎൽഎമാർക്ക് ഒരു പേഴ്സണൽ അസിസ്റ്റന്റിനെക്കൂടി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


